തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നേതൃത്വം നൽകുന്ന വഴിക്കണ്ണിന്റെ ഭാഗമായി തൊടുപുഴ നാലുവരിപ്പാതയെ പദ്ധതിയിൽ ഉൾപ്പെടുത്തി വാഹന പരിശോധന നടത്തി. പരിശോധനയ്ക്ക് ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദിനേശ് എം. പിള്ള നേതൃത്വം നൽകി. പ്രധാനമായും നാലുവരിപ്പാതയിൽ നാലിടത്ത് പരിശോധന നടന്നു. പരിശോധനയ്ക്ക് മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് സേഫ്‌റ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനപിന്തുയോടെയുള്ള പരിശോധനയിൽ ട്രാക്ക്, ജെ.സി.ഐ, ഡ്രൈവിംഗ് സ്‌കൂൾ സംഘടന, വർക്ക്‌ഷോപ്പ് സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കൗൺസിലിങ്ങും നടത്തി. ആകെ 800 കേസുകൾ കണ്ടെത്തി. ഇതിൽ 30 കേസുകൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതും 48 കേസുകൾ വാഹന ഇൻഷുറൻസ് ഇല്ലാതെ വാഹനം ഉപയോഗിച്ചതുമാണ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് അപ്പോൾ തന്നെ ഇൻഷുറൻസ് എടുപ്പിച്ച് വാഹനം തിരികെ കൊടുത്തു. അവലോകനയോഗത്തിൽ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം. പിള്ള ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ സെക്രട്ടറി സണ്ണി തെക്കേക്കര വർക്ക്‌ഷോപ്പ് സംഘടന പ്രതിനിധി ദിലീപ് കൂടാതെ വിവിധ വകുപ്പ് പ്രതിനിധികളും സംസാരിച്ചു. വരും ദിവസങ്ങളിൽ ശക്തമായ ചെക്കിംഗ് ഉണ്ടാകും.