കട്ടപ്പന: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന 48 മണിക്കൂർ പണിമുടക്ക് ഹൈറേഞ്ചിൽ ഹർത്താലിന്റെ പ്രതീതിയായി. കട്ടപ്പനയിൽ പണിമുടക്ക് പൂർണമായിരുന്നില്ല. ഒട്ടുമിക്ക കടകളും തുറന്ന് പ്രവർത്തിച്ചു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും നടത്തി. ഗ്രാമ പ്രദേശങ്ങളിൽ തോട്ടം മേഖലകളിൽ മാത്രമാണ് പണിമുടക്ക് ബാധിച്ചത്. ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിൽ ഐക്യ ട്രേഡ് യൂണിയന്റെ നേത്യത്വത്തിൽ പ്രകടനങ്ങൾ നടന്നു. നെടുങ്കണ്ടം ടൗൺ അടക്കമുള്ള പ്രദേശങ്ങളിൽ ബസുകൾ, ടാക്സി വാഹനങ്ങൾ ആട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ പണിമുടക്കിനോടനുബന്ധിച്ച് നിരത്തിൽ ഇറങ്ങിയില്ല. എന്നാൽ ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ചിലത് തുറന്ന് പ്രവർത്തിച്ചു. നെടുങ്കണ്ടത്ത് സംയുക്ത തൊഴിലാളി യൂണിയന്റെ നേത്യത്വത്തിൽ പ്രകടനം നടന്നു. പി.എം. ആന്റണി, ആർ.ജി. അരവിന്ദാക്ഷൻ, ടി.എം. ജോൺ, എം. സുകുമാരൻ, എം.എ. സിറാജുദ്ദീൻ ടി.വി. ശശി എന്നിവർ നേതൃത്വം നൽകി. തൊഴിലാളികൾ പണിയ്ക്ക് എത്താതെ വന്നതോടെ തോട്ടം മേഖല പൂർണമായും സ്തംഭിച്ചു. തമിഴ്നാട്ടിൽ നിന്നും ദിവസവും തൊഴിലാളികളുമായി എത്തിയിരുന്ന ഒറ്റവാഹനവും അതിർത്തി കടന്നില്ല. തോട്ടം തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും പണിമുടക്കിന് അഭിവാദ്യം അർപ്പിച്ചതിനാൽ വാഹനങ്ങൾ ഒന്നും എത്തിയില്ല. കരുണാപുരം പഞ്ചായത്ത് ഐക്യ ട്രേഡ് യൂണിയന്റെ നേത്യത്വത്തിൽ കൂട്ടാറ്റിൽ പ്രകടനവും പൊതുയോഗവും നടന്നു. കൂട്ടാർ ടൗണിലെ കരുണാപുരം പഞ്ചായത്ത് ഓഫീസിൽ നിർമ്മിച്ച് സമരപന്തലിൽ നിന്ന പണിമുടക്ക് യോഗം സി.ഐ.ടി.യു നിർമ്മാണ തൊഴിലാളി യൂണിയൻ സെക്രട്ടറി വി.സി അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കരുണാപുരം ലോക്കൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ പഞ്ചായത്ത് സെക്രട്ടറിയുമായ ടി.ആർ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌ലോഡ് വർക്കേഴ്സ് ഏരിയ സെക്രട്ടറി പി.പി. സുശീലൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ബാലഗ്രാം ലോക്കൽ സെക്രട്ടറി ശിവപ്രസാദ്, കൂട്ടാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി ജയിംസ്, വി. ബിനു, എസ് മോഹനൻ തുടങ്ങിയ നേതാക്കൾ സമരപന്തലിൽ സംസാരിച്ചു. കരുണാപുരം പഞ്ചായത്തിലെ കമ്പംമെട്ട്, കൂട്ടാർ, തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് തൊഴിലാളികൾ സമരപന്തലിൽ എത്തിചേർന്നു. തൂക്കുപാലം മേഖലയിൽ പണിമുടക്കിനെ തുടർന്ന് കടകൾ അടച്ചിട്ടു. വാഹനങ്ങൾ ഓടിയില്ല. പണിമുടക്കിനോടനുബന്ധിച്ച് തൂക്കുപാലം ടൗണിൽ പ്രകടനം നടന്നു. സി.പി.ഐ തൂക്കുപാലം ലോക്കൽ സെക്രട്ടറി കെ.എസ്. രാജ്‌മോഹൻ, ജെ. പ്രദീപ്, എൻ.ജി. രാജു, ടി.ആർ. ദിനകരൻ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി. ചോറ്റുപാറ, രാമക്കൽമേട്, പ്രകാശ്ഗ്രാം, കൊച്ചുപ്ലാമൂട്, വെസ്റ്റുപാറ, ഇടത്തറമുക്ക് തുടങ്ങി പ്രദേശങ്ങളിൽ പണിമുടക്കിനോടനുബന്ധിച്ച് കടകൾ അടച്ചിട്ടു. ബാലഗ്രാംമേഖലയിലെ അന്യാർതൊളു, കുമരകംമെട്ട്, തേർഡ്ക്യാമ്പ്, ഒറ്റകട, അല്ലിയാർ തുടങ്ങിയ പ്രദേശങ്ങളിലെ തൊഴിലാളികൾ പണിമുടക്കിൽ സഹകരിച്ചു.