തൊടുപുഴ: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പിലാക്കി വരുന്ന വയോ മിത്രം പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. 2011 സെപ്തംബർ മാസത്തിൽ സംസ്ഥാന വ്യാപകമായി നഗരസഭകൾ,​ കോർപ്പറേഷൻ എന്നിവ കേന്ദ്രീകരിച്ച് ആരംഭിച്ച വയോ മിത്രം പദ്ധതിയാണ് ബ്ളോക്ക് പഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. ജില്ലയിൽ തൊടുപുഴ,​ കട്ടപ്പന നഗരസഭകളിലെ രണ്ട് യൂണിറ്റുകളിലായി വയോ മിത്രത്തിന് അയ്യായിരത്തിൽപ്പരം ഗുണഭോക്താക്കളുണ്ട്. തൊടുപുഴ നഗരസഭയുടെ വിവിധ വാർഡുകളിലായി 23 ഉം കട്ടപ്പന നഗരസഭയുടെ വിവിധ വാർഡുകളിലായി 21 ഉം വയോ മിത്രം ക്ളിനിക്കുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. നഗര പ്രദേശങ്ങൾക്കൊപ്പം ഗ്രാമീണ മേഖലകളിലേക്കും വയോമിത്രം പദ്ധതി വ്യാപിപ്പിക്കുമ്പോൾ പഞ്ചായത്ത് തലങ്ങളിലുള്ള ആളുകളും ഇതിന്റെ ഗുണഭോക്താക്കളാകും. വയോ മിത്രത്തിന്റെ ഗ്രാമീണ മേഖലകളുടെ ഏകോപനചുമതല അതത് പ്രദേശങ്ങളിലെ ബ്ളോക്ക് പഞ്ചായത്തുകൾക്കാണ്. ഗ്രാമീണ മേഖലകളിൽ വയോ മിത്രം പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ ആകെ തുകയുടെ 50 ശതമാനം തദ്ദേശ സ്ഥാപനങ്ങളും 50 ശതമാനം സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിലൂടെയുമാണ് കണ്ടെത്തുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്ത്‌ പ്രദേശത്ത് വയോമിത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു വർഷം 1,​13,​04,​000 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത് .

ഗുണഭോക്താക്കൾ ഇവർ

എ.പി.എൽ,​ ബി.പി.എൽ വ്യത്യാസമില്ലാതെ 65 വയസിന് മുകളിൽ പ്രായമായവരാണ് വയോമിത്രം പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കായി 26ലധികം പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

വയോമിത്രം പദ്ധതിയുടെ പ്രവർത്തനങ്ങൾ

1- വയോജനങ്ങൾക്ക് മാസത്തിൽ രണ്ട് തവണ സൗജന്യ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നു

2- വയോജനങ്ങൾക്ക് മൊബൈൽ ക്ളിനിക്കും​ കൗൺസിലിംഗും​ മരുന്ന് വിതരണവും

3- കിടപ്പ് രോഗികളുടെ വീടുകളിൽ പാലിയേറ്റീവ് പ്രവർത്തനം

4-​​ വയോജനങ്ങൾക്ക് സൗജന്യ ആംബുലൻസ് സേവനം

5- വയോജനങ്ങൾക്ക് സഹായകമായ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം

ബന്ധപ്പെടാം

ജില്ലാ കോർഡിനേറ്റർ

വയോ മിത്രം

നഗരസഭാ കാര്യാലയം

തൊടുപുഴ

ഫോൺ: 9072302562

ഹെൽപ്പ് ഡെസ്ക്,​​ ഫോൺ: 9387388889