kk
പച്ചക്കറി തോട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ

കട്ടപ്പന: ഉപ്പുതറ പൊലീസ് സ്റ്റേഷനിലേക്ക് ആദ്യമായെത്തുന്നവർ എന്തായാലും ഒന്ന് സംശയിക്കും. പൊലീസ് സ്റ്റേഷനെന്ന് ബോർഡ് എഴുതി വച്ചിട്ട് ഇവിടെ നിറയെ പച്ചക്കറി തോട്ടമാണല്ലോ. തോട്ടത്തിനുള്ളിൽ കൃഷി ചെയ്യുന്നതോ നിറയെ കാക്കിയിട്ട പൊലീസുകാരും. പക്ഷേ,​ അകത്ത് ചെന്നാൽ മനസിലാകും ക്രമസമാധാന പാലനത്തിനിടയിലും പച്ചക്കറി തോട്ടത്തിൽ നൂറുമേനി വിളയിച്ച കഥ. വർഷങ്ങളായി കാടുപിടിച്ചു കിടന്ന പരിസരം വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിക്കായി എങ്ങനെയാണ് ഈ കാക്കിയിട്ട കൃഷിക്കാർ ഉപയോഗപ്പെടുത്തിയതെന്ന്. പ്രളയകാലത്തെ പ്രവർത്തനം കൊണ്ട് ജനകീയനായ സ്ഥലം എസ്.ഐ കിരൺ കുമാറിന്റെ ആശയമായിരുന്നു ഇത്. സഹപ്രവർത്തകരുമായി പങ്കുവച്ചപ്പോൾ എല്ലാവരും ഒരേ മനസോടെ ഏറ്റെടുത്തു. കൃഷി ഭവന്റെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. വള്ളിപ്പയർ, ബീൻസ്, ബ്രോക്കോളി, ക്യാബേജ്, വഴുതിന, തക്കാളി, ക്യാപ്സിക്കം, കോവൽ, പച്ചമുളക്, ചീര, ടിഷ്യൂ വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. തുടക്കത്തിൽ പയർ കൃഷി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് വിജയിച്ചതോടെ ഒരു മാസം മുമ്പ് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ഓരോ പൊലീസുകാരും അവരുടെ വീടുകളിൽ നിന്ന് എത്തിക്കുന്ന ജൈവവളമാണ് പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ പൊലീസ് കാന്റീനിലും ബാക്കി വരുന്നത് പൊലീസുകാർ വീട്ടിലും കൊണ്ടു പോകും. ഡ്യൂട്ടി സമയം കഴിയുന്ന വിശ്രമസമയം വളവും വെള്ളവും മറ്റ് പരിപാലനവും പൊലീസുകാർ തന്നെയാണ് നടത്തുന്നത്. സ്റ്റേഷനിലെ 30 പൊലീസുകാരും ഒരുപോലെ കൃഷി പരിപാലനത്തിൽ വ്യാപൃതരാണ്.