മുട്ടം: മലങ്കര ഡാമിന്റെ രണ്ട് വശങ്ങളിലുമുള്ള കനാലിലൂടെ വെള്ളം തുറന്ന് വിടുമെന്ന് എം.വി.ഐ.പി അധികൃതർ അറിയിച്ചു. കരിങ്കുന്നം, പാലക്കുഴ, കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ഇടത് കനാൽ ഇന്ന് രാവിലെ മുതലും ഇടവെട്ടി, കുമാരമംഗലം, നേര്യമംഗലം ഭാഗത്തേക്കുള്ള വലത് കനാൽ നാളെ രാവിലെയുമാണ് തുറക്കുന്നത്. ഡാമിലെ ജലനിരപ്പ് 40.30 മീറ്ററായി ഉയർന്നതിനെ തുടർന്നാണ് കനാൽ തുറക്കുന്നത്. കനാലിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും എം.വി.ഐ.പി അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ നവംബർ പകുതിയോടെ വെള്ളം തുറന്ന് വിട്ടിരുന്നു. എന്നാൽ ഈ വർഷം ഡാമിൽ ജലനിരപ്പ് നന്നേ കുറവായതിനാൽ ജനുവരിയായിട്ടും കനാൽ തുറന്നില്ല. ഇത് വ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കിയിരുന്നു. കനാലിലൂടെ വെള്ളമെത്തുന്നതോടെ ജലദൗർലഭ്യം നേരിടുന്ന വിവിധ പ്രദേശങ്ങളിലുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് ഏറെ പ്രയോജനപ്രദമാകും.