തൊടുപുഴ: സ്വന്തം വീട്ടിൽ സുഖനിദ്രയിലായിരുന്ന യുവാവിനെ കശാപ്പുകത്തികൊണ്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളെല്ലാം കൗമാരക്കാർ. അതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരും. ഉടുമ്പന്നൂർ അമയപ്രയിൽ വള്ളിയാടിയിൽ തുരുത്തേൽ വിഷ്ണു (24) കൊല്ലപ്പെട്ട കേസിലാണ് കൗമാരത്തിലേക്ക് കാലൂന്നിയ അഞ്ചുപേർക്ക് കൈവിലങ്ങുവീണത്. ഉടുമ്പന്നൂർ ഇടമറുക് ശേഖരത്ത്പാറ പള്ളിപ്പുറത്ത് വീട്ടിൽ വിഷ്ണു (ചെണ്ട- 21), ഇടമറുക് കിഴക്കുംഭാഗം തൊട്ടിയിൽ അനന്ദു (20), ഇടമറുക് ന്യൂസിറ്റി വരണ്ടിയാനിക്കൽ മഹേഷ് (21) എന്നവരാണ് കേസിലെ മൂന്നു മുതൽ അഞ്ച് വരെ പ്രതികൾ. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നും രണ്ടും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. ചെറുപ്പത്തിൽ തന്നെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച് എന്തിനും പോന്നവരായി വളർന്ന യുവാക്കൾ വ്യക്തമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. അതിനുവേണ്ടി നാട്ടിലെ കശാപ്പുകടയിൽ നിന്ന് നീളവും മൂർച്ചയുമുള്ള കത്തിയും അപഹരിച്ചെടുത്ത് സൂക്ഷിച്ചിരുന്നു. ഉറങ്ങിക്കിടന്ന വിഷ്ണുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി ശരീരത്തിന്റെ മറുപുറം കടന്ന് കട്ടിലിലെ പ്ലൈവുഡിലാണ് തറച്ചുനിന്നത്. ഉണർന്നിരിക്കുന്ന വിഷ്ണുവിനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ തങ്ങൾ അശക്തരാണെന്ന തിരിച്ചറിവാണ് ഇരുട്ടിന്റെ മറവിലെ ക്രൂരകൃത്യത്തിന് യുവാക്കളെ പ്രേരിപ്പിച്ചത്. 2017 ആഗസ്റ്റ് 10 ന് നടന്ന കൊലപാതകം നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇപ്പോൾ പിടിയിലായ പ്രതികൾ പലതവണ സംശയത്തിന്റെ നിഴലിൽ വന്നെങ്കിലും അന്നൊന്നും അറസ്റ്റിലേക്ക് നയിച്ചില്ല. അതിനിടെ പ്രതികളുടെ രാഷ്ട്രീയബന്ധം കേസ് അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നു. അന്നത്തെ തൊടുപുഴ ഡി.വൈ.എസ്.പിയും കാളിയാർ, തൊടുപുഴ ഇൻസ്പെക്ടർമാരും അന്വേഷിച്ചു. പിന്നീടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആരുമായും അടിപിടികൂടാൻ മടിയില്ലാത്ത വിഷ്ണുവിന്റെ ശത്രുക്കളാകാൻ സാധ്യതയുള്ളവരെയൊക്കെ പൊലീസ് ചോദ്യം ചെയ്തു. അതിനിടെയാണ് കൊലപാതകത്തിന് നാലുദിവസം മുമ്പ് ഉടുമ്പന്നൂർ ടൗണിൽ സ്കൂൾ വിദ്യാർത്ഥിയെ വിഷ്ണു മലർത്തിയടിച്ചെന്ന വിവരം പൊലീസിന് ലഭിച്ചത്. ആ വഴി മുന്നേറിയ അന്വേഷണമാണ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും സ്വകാര്യ ബസ് ജീവനക്കാരനുമായുള്ള പ്രണയവും അതിന്റെ പിന്നിലെ സംഘർഷങ്ങളും കൊലക്കേസിലേക്കുള്ള ചൂണ്ടുപലകയായത്. പ്രദേശവാസികളായ ആയിരത്തിലേറെ ആളുകളെ സ്റ്റേഷനിൽ വിളിപ്പിച്ചും താമസസ്ഥലത്ത് എത്തിയും ചോദ്യംചെയ്തു. നൂറിലേറെ മൊഴി രേഖപ്പെടുത്തി. ഇപ്പോൾ അറസ്റ്റിലായ പ്രതികളെ പത്തുതവണയോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ പഴുതടച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് ദൃക്‌സാക്ഷികളില്ലാത്ത കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാനായതെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. പലതവണ മൊഴി മാറ്റിയ പ്രതികൾ ക്രൈംബ്രാഞ്ചിന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഗന്ത്യന്തരമില്ലാതെ കുറ്റംസമ്മതിക്കുകയായിരുന്നു. വിഷ്ണുവിന്റെ നെഞ്ചിൽ ആഞ്ഞ് കുത്തിയ ഒന്നാം പ്രതിക്കും ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതിക്കും സംഭവം നടക്കുമ്പോൾ 18 വയസ് തികയാൻ ഒരുമാസം കൂടി ബാക്കിയുണ്ടായിരുന്നു. കുറ്റകൃത്യം നടന്ന സമയത്തെ പ്രായം കണക്കാക്കി കേസ് പരിഗണിക്കുന്നതിനാൽ ഇവരുടെ വിചാരണയും തുടർ നടപടികളും ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിലാകും നടക്കുക. അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനും കഴിയില്ല. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന മറ്റ് മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുൾപ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി.എ ആന്റണി, ലോക്കൽ പൊലീസ് ഇൻസ്‌പെക്ടർ ടി.എ. യൂനസ്, സബ് ഇൻസ്‌പെക്ടർമാരായ ക്ലീറ്റസ്, അനിരുദ്ധൻ, എ.എസ്.ഐ ത്രിദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ, ബിജു എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്‌.