പീരുമേട്: അറ്റകുറ്റപണികളിലെ അപാകതയും, അപകട സൂചക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ വൈകുന്നതും കട്ടപ്പന -കുട്ടിക്കാനം സംസ്ഥാന പാതയിൽ ഡ്രൈവർമാരെ കുഴയ്ക്കുന്നു.

ശബരിമല തീർത്ഥാടന കാലം അവസാനിക്കാറായിട്ടും അടിയന്തരമായി ചെയ്യേണ്ട മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. അപകടങ്ങൾ പതിവായിട്ടും അധികൃതർ മൗനം പാലിക്കുന്നെന്നാണ് ആരോപണം. സംസ്ഥാന പാതയിൽ കുട്ടിക്കാനത്തിനും ഏലപ്പാറയ്ക്കും ഇടയിലായി നിരവധി ഇടങ്ങളിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്. കയറ്റിറക്കങ്ങളും വളവുകളും ഏറെയുള്ള റോഡാണിത്. ഒരുഭാഗം കലുങ്കുകളും മറുവശം ചെങ്കുത്തായ കുഴികളുമാണ്. ഇതിൽ പലയിടങ്ങളിലും ബാരിക്കേഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. അറ്റകുറ്റപണികളുടെ പേരിൽ വലിയകുഴികൾ അടക്കുക മാത്രമാണ് ചെയ്തത്. ഇതിലുണ്ടായ അപാകത ചെറുവാഹനങ്ങൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. റോഡിന് ഇരുവശങ്ങളിലുമായി കാടുകൾ വളർന്ന് പന്തലിച്ച് നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്ചമറയ്ക്കുന്നു. റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകൾക്കുമേൽ കാടുവളർന്നും അക്ഷരങ്ങൾ മാഞ്ഞും ചെളിപിടിച്ചും ഉപയോഗശൂന്യമായി നിൽക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രമായ വാഗമൺ ലക്ഷ്യമാക്കി എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്. ആവശ്യമായ സൂചക ബോർഡുകളില്ലാത്തതുകാരണം പുറത്തുനിന്നെത്തുന്ന വാഹനങ്ങൾ ഗതിയറിയാതെ വട്ടം ചുറ്റുന്നതു സ്ഥിരം കാഴ്ചയാണ്. റൂട്ട് മാപ്പ് ആശ്രയിച്ചാണ് വിനോദ സഞ്ചാരികളിൽ മിക്കവരും ഹൈറേഞ്ചിൽ യാത്ര ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പു കുറെ ബോർഡുകൾ വഴിയോരങ്ങളിലും കവലകളിലും സ്ഥാപിച്ചിരുന്നെങ്കിലും ഇതിലെ അക്ഷരങ്ങളും അക്കങ്ങളും മാഞ്ഞുപോയി. കുത്തിറക്കങ്ങളും അപകട വളവുകളുമുള്ള ഹൈറേഞ്ചിന്റെ റോഡുകളിൽ ദിശാബോർഡുകൾ ഇല്ലാതെയുള്ള ഡ്രൈവിംഗ് ഏറെ പ്രയാസകരമാണ്. വേനൽക്കാലത്ത് കുട്ടിക്കാനം പ്രദേശത്ത് വൈകുന്നേരങ്ങളിലും അതിരാവിലെയും റോഡ് കാണാനാവാത്ത വിധം മഞ്ഞിറങ്ങുമ്പോൾ ദിശാബോർഡുകൾകൂടി ഇല്ലാത്തത് ഏറെ ദുഷ്കരമാണ്. ദിശ മനസിലാകാതെ കിലോമീറ്ററുകളോളം വഴിതെറ്റി സഞ്ചരിക്കുന്നവരുമുണ്ട്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ദിശാബോർഡുകൾ ശരിയായ രീതിയിൽ സ്ഥാപിക്കാത്തത് ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയിൽ നിത്യവും നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് തീർത്ഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു.