വാഗമൺ: നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അഞ്ചു പേർക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് വാഗമൺ സന്ദർശിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞത്. ഈരാറ്റപേട്ട- വാഗമൺ റോഡിൽ വഴിക്കടവിനു സമീപം കൊടും വളവിൽ ഇന്നലെ രാവിലെ 11നായിരുന്നു അപകടമുണ്ടായത്. കോട്ടയം സംക്രാന്തി മുറിക്കരയിൽ വീട്ടിൽ മനു, ചകിരിക്കരയിൽ ശശി, ശശിയുടെ ഭാര്യ സൗമ്യ, മക്കൾ സന്ദീപ്, അമൃത എന്നിവർക്കാണ് പരിക്കേറ്റത്. വാഗമൺ കുരിശുമലയിലേക്കുള്ള യാത്രയ്ക്കിടെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ റോഡിന്റെ തിട്ടയിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല.