പീരുമേട്: ദേശീയപണിമുടക്കിൽ രണ്ടാം ദിനവും തോട്ടം മേഖലയിൽ ഹർത്താൽ പ്രതീതിയായിരുന്നു. തോട്ടം തൊഴിലാളികൾ ഒന്നാകെ സമരത്തിലായിരുന്നു. വൻകിട തേയില തോട്ടങ്ങളെല്ലാം തന്നെ അടഞ്ഞു കിടന്നു. എന്നാൽ ചെറുകിട തേയില, എലത്തോട്ടങ്ങളിൽ പണികൾ നടന്നു. ആദ്യ ദിനത്തെ അപേക്ഷിച്ച് വ്യാപാര കേന്ദ്രങ്ങളിൽ കടകമ്പോളങ്ങൾ കൂടുതലായി തുറന്നുവെങ്കിലും വാഹന ഗതാഗതം ഇല്ലാത്തത് തിരിച്ചടിയായി. ചില സ്ഥലങ്ങളിൽ ആട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ടായിരുന്നു. ശബരിമല തീർത്ഥാടകരുടെയും സഞ്ചാരികളുടെയും വാഹനങ്ങൾ നിരത്തിലുണ്ടായിരുന്നു. പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുമ്പാറ, വാഗമൺ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില കുറവായിരുന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികൾ ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ തുടങ്ങിയ ഇടങ്ങളിൽ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. ഏലപ്പാറയിൽ നടന്ന പൊതുസമ്മേളത്തിൽ പി. എസ്. രാജൻ, സിറിയക്ക് തോമസ്, ആന്റപ്പൻ. എൻ. ജേക്കബ്, പി.കെ.രവി എന്നിവർ പങ്കെടുത്തു.