തൊടുപുഴ: കാർഷികമേഖലയിൽ നവീന മാതൃകകൾ സൃഷ്ടിക്കുന്ന കേരള അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (കാഡ്സ്) പുതിയ സംരംഭമായ 'ദി വില്ലേജ് സ്ക്വയർ' അഗ്രോ ഓർഗാനിക് ബസാർ പ്രവർത്തി പഥത്തിലേക്ക്. വെങ്ങല്ലൂർ നാലുവരി പാതക്ക് സമീപം 2.75 ഏക്കർ സ്ഥലത്താണ് കാർഷികോത്പന്ന വിപണനത്തോടൊപ്പം ആരോഗ്യം, വിനോദം, ടൂറിസം, വിജ്ഞാനം എന്നിവ കോർത്തിണിക്കി പുതിയ സംരംഭം നിലവിൽ വരുന്നത്. 2001ൽ രൂപീകരിച്ച കാഡ്സിൽ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ 4000ൽപരം കർഷകർ അംഗങ്ങളാണ്. കർഷകരുടെ സർവതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി കർഷക ഓപ്പൺ മാർക്കറ്റ്, വിത്ത് ബാങ്ക്, ഓർഗാനിക് സർട്ടിഫിക്കേഷൻ, മാങ്കുളം ജൈവഗ്രാമം പദ്ധതി, വിത്ത് മഹോത്സവം, ചക്കയുത്സവം, മാമ്പഴമേള, വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കിയ പച്ചക്കുടുക്ക തുടങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ 2017ൽ ഒരു കാർഷിക ഉത്പാദന കമ്പനി എന്ന ആശയം ഉരുത്തിരിയുകയും കാഡ്സ് പ്രൊഡ്യൂസർ കമ്പനി രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ കമ്പനിയുടെ കീഴിലാണ് വില്ലേജ് സ്ക്വയർ എന്നപേരിൽ പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 12ന് വൈകിട്ട് നാലിന് തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിൽ നടക്കുന്ന ക്ഷണിക്കപ്പെട്ട സദസിൽ വില്ലേജ് സ്ക്വയറിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വീഡിയോ പ്രദർശനം നടത്തും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. കാ‌ഡ്സ് പ്രസിഡന്റ് കെ.ജി. ആന്റണി അദ്ധ്യക്ഷത വഹിക്കും.