തൊടുപുഴ: ആദിവാസി യുവതിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് സാമൂഹ്യ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ശാന്തമ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ എസ്റ്റേറ്രിൽ 14 പേരടങ്ങുന്ന സംഘം ജീവനക്കാരിയെ ആക്രമിച്ചെന്നാണ് കേസ്. തമിഴ്നാട് സ്വദേശിയായ യുവതി രണ്ടുമാസം മുമ്പാണ് എസ്റ്റേറ്റിൽ ജോലിക്ക് എത്തിയത്. മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന ഒരാൾ സാമ്പത്തിക തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. യുവതിയെ മണിക്കൂറുകളോളം ബന്ദിയാക്കിയ 14 അംഗസംഘം നിരവധികേസുകളിൽ പ്രതികളായിട്ടുള്ളവരും ഉന്നതബന്ധങ്ങളുള്ളവരുമാണെന്ന് സാമൂഹ്യപ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞമാസം ഏഴിന് നടന്ന സംഭവത്തിൽ പ്രതികളുടെ ആക്രമണം കാരണം കൃത്യസമയത്ത് പരാതി നൽകാൻ പോലും സാധിച്ചില്ല.

19ന് മൂന്നാർ ഡി.വൈ.എസ്.പി.ക്ക് പരാതി നൽകി. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ചു. കേസ് അന്വേഷിച്ച് കുറ്രക്കാരായവരെ പിടികൂടണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. ഈ കാര്യത്തിൽ പെൺകുട്ടിക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആദിവാസി ഗോത്രമഹാസഭ നേതാക്കൾ ഉൾപ്പെടെയുള്ളവർ അറിയിച്ചു. വനിതാ സാമൂഹ്യ പ്രവർത്തക ബീന ജോർജ് കുട്ടി, മലയരയ മഹാസഭ പ്രതിനിധി ഉഷ സോമരാജൻ, ഗോത്രമന്ത്രി രാജപ്പൻ രാജമന്നാൻ, അംബേദ്കർ കൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ കാഞ്ചിയാർ പീതാമ്പരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.