രാജാക്കാട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നെടുങ്കണ്ടത്ത് നിന്ന് മാറ്റാൻ വീണ്ടും നീക്കം. ഇതു സംബന്ധിച്ച് ബാങ്ക് ഉത്തരവ് നൽകിയതായാണ് സൂചന.

ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യത്തിന്റെ ഭാഗമായി 2008 ൽ ആണ് ജില്ലയ്ക്കുള്ള സ്വയംതൊഴിൽ പരിശീലന കേന്ദ്രം ഇവിടെ ആരംഭിച്ചത്. എന്നാൽ പിന്നീട് പലതവണ സ്ഥാപനം മറ്റിടങ്ങളിലേയ്ക്ക് മാറ്റിക്കൊണ്ടപോകാൻ ശ്രമം നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ടാണ് ആ നീക്കങ്ങൾ പരാജയപ്പെടുത്തിയത്. സ്വന്തമായി കെട്ടിടമില്ലെന്ന കാരണം പറഞ്ഞായിരുന്നു സ്ഥാപനം മാറ്റാൻ ശ്രമിച്ചത്. ഈ പോരായ്മ പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെ 50 സെന്റ് ഭൂമി വിട്ടുനൽകാനും തീരുമാനിച്ചു. കച്ചേരി സെറ്റിൽമെന്റിൽപ്പെട്ടതും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയതുമായ സ്ഥലമാണ് കേന്ദ്രത്തിനായി നൽകുന്നത്. ഇവിടെ കെട്ടിടം നിർമ്മിക്കുവാൻ കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്ഥലം കൈമാറി കിട്ടാനുള്ള നടപടികൾ റവന്യുവകുപ്പിൽ പരോഗിക്കുകയാണ്. പരിശീലനത്തിനെത്തുവരുടെ താമസത്തിന് അടക്കം എല്ലാ സൗകര്യങ്ങളുമുള്ള 8000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സമുച്ചയത്തിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. അതിനിടെയാണ് കേന്ദ്രം മാറ്റാനുള്ള നീക്കം വീണ്ടും തലപൊക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്തേക്ക് വഴിയില്ലെന്നാണ് പുതിയ ആക്ഷേപം. എന്നാൽ ഈ സ്ഥലത്തേയ്ക്ക് രണ്ട് വശങ്ങളിൽ കൂടിയും പ്രവേശിക്കാനുള്ള സൗകര്യമുണ്ടെന്നും, അതിൽകൂടി റോഡ് നിർമ്മിച്ച് നൽകുമെന്നും, സ്ഥാപനം മാറ്റാനുള്ള ശ്രമം അനുവദിയ്ക്കില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മകേഷ് മോഹൻ പറഞ്ഞു.