kk
മാലിന്യനിക്ഷേപം നടന്ന ഭാഗത്ത് ബ്ളീച്ചിംഗ് പൗഡർ വിതറിയിരിക്കുന്നു.

നെടുങ്കണ്ടം: പാമ്പാടുംപാറയ്ക്ക് സമീപം റോഡരികിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കി. മൂന്നാർ- കുമളി സംസ്ഥാന പാതയോട് ചേർന്നാണിവിടം. പ്രധാന പാതയിൽ നിന്ന് ആരംഭിയ്ക്കുന്ന പാമ്പാടുംപാറ തെക്കേകുരിശുമല റോഡിലേയ്ക്കാണ് മാലിന്യം ഒഴിക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികൾ അടക്കം ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗ്രാമീണ പാതയാണിത്. പ്രദേശമാകെ കടുത്ത ദുർഗന്ധം വ്യാപിച്ചിരിക്കുകയാണ്. രാത്രിയുടെ മറവിൽ വാഹനത്തിൽ എത്തിച്ചാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സ്ഥലത്ത് ബ്ലീച്ചിംഗ് പൗഡർ വിതറി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് കോഴിയുടെ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് ഇട്ടിരുന്നു. പകർച്ച വ്യാധികൾ പടർന്ന് പിടിയ്ക്കാൻ സാഹചര്യം ഉണ്ടാക്കുന്ന മാലിന്യ നിക്ഷേപം നടത്തിയവരെ പിടികൂടാൻ പൊലീസ് നടപടി സ്വീകരിയ്ക്കുന്നില്ലെന്നാണ് ആക്ഷേപം. ഏലത്തോട്ടങ്ങൾ നിറഞ്ഞതും രാത്രികാലങ്ങളിൽ താരതമ്യേന വാഹനങ്ങൾ കുറവുള്ളതുമായ പ്രദേശത്ത് മാലിന്യ നിക്ഷേപം പതിവാണ്. മാസങ്ങൾക്ക് മുമ്പ് ചേമ്പളത്ത് കൊച്ചുകുട്ടികൾ പഠിക്കുന്ന സ്‌കൂളിന് സമീപത്ത് കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. ചേമ്പളം ജംഗ്ഷനിലും മുമ്പ് മാലിന്യ നിക്ഷേപം നടത്തിയിട്ടുണ്ട്. നെടുങ്കണ്ടം, കട്ടപ്പന, പുളിയന്മല തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടിവി കാമറകളിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും ആവശ്യം.