തൊടുപുഴ: ഈ മാസം 14ന് കൊച്ചിയിൽ ആരംഭിക്കുന്ന ടി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ പതിനാറംഗ ടീമിൽ ഇടുക്കിയിൽ നിന്ന് ഏഴ് വനിതകൾ. ജില്ലയിൽ നിന്ന് ഇത്രയേറെ താരങ്ങൾ ഒരുടീമിൽ ഇടം പിടിക്കുന്നത് ആദ്യമാണ്. ജിലു ജോർജ്, അനീന മാത്യു, അലീന സുരേന്ദ്രൻ, അശ്വതി ബാബു, മാളവിക സാബു, സഹോദരിമാരായ ജിപ്‌സ വി. ജോസഫ്, ജിസ്‌ന വി. ജോസഫ് എന്നിവരാണ് താരങ്ങൾ. തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ 15 ദിവസമായി പരിശീലനം നടത്തി വരുന്നതിനിടയിലാണ് വനിത താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ സുമൻ ശർമയുടെ പരിശീലനത്തിലാണ് ടീം തയ്യാറെടുക്കുന്നത്. മേഘാലയുമായുള്ള ആദ്യ മത്സരത്തിൽ മിക്കവർക്കും അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നും സുമൻ ശർമ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ആൾ ഇന്ത്യ ടൂർണമെന്റിൽ വിജയികളാകാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ഒരോ കളിക്കാരിലും പ്രകടമായിരുന്നു. ടീമിൽ ഇടം നേടാൻ കഴിഞ്ഞതിന്റെ സന്തോഷം വനിതാ താരങ്ങൾ ക്യാമ്പിൽ ആഘോഷമാക്കി. ജില്ലയിൽ ഇത്രയും മികച്ച ക്രിക്കറ്റ് പരിശീലന കേന്ദ്രമുണ്ടായിട്ടും വനിതകളുടെ പങ്കാളിത്തം വളരെ കുറവാണെന്ന് കൺവീനർ പി. വിനോദ് കുമാർ പറഞ്ഞു.