തൊടുപുഴ: മറയൂരിൽ ചന്ദനമോഷണം ആരോപിച്ച് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളായ കേസ് ഇന്ന് തൊടുപുഴ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങും. 2006 നവംബറിലാണ് ബാബു എന്ന യുവാവ് വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ മരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചെന്നാണ് വനംവകുപ്പ് നൽകിയ റിപ്പോർട്ട്. എന്നാൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചെന്നാണ് സാക്ഷികളുടെ ആരോപണം. സംഭവത്തിൽ വനംവകുപ്പ് പ്രൊട്ടക്ഷൻ വിഭാഗം ഉദ്യോഗസ്ഥരായ 15 പ്രതികളും നൂറിലേറെ സാക്ഷികളുമുണ്ട്. കേസിൽ പ്രതിയായിരുന്ന ഡി.എഫ്.ഒ പ്രദീപ് പിന്നീട് മരണപ്പെട്ടു.