തൊടുപുഴ: വഴികണ്ണ് പദ്ധതി നടപ്പാക്കിയതോടെ തൊടുപുഴ- മുട്ടം റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതായി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേഷ് എം. പിള്ള പറഞ്ഞു. തൊടുപുഴ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൗൺസിലർമാരുമായി പദ്ധതിയുടെ പുരോഗതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് അപകടങ്ങളാണ് നടന്നത്. മരണങ്ങളും ഉണ്ടായിട്ടില്ല. തൊടുപുഴ​ കോലാനി ബൈപ്പാസ് റോഡിലും മങ്ങാട്ടുകവല നാലുവരി പാതയിലും പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ വർഷവും ക്രിസ്മസ് പുതുവത്സര ആഘോഷവേളകളിൽ മുട്ടം റോഡിൽ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കുറി ഒരപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് വരിപ്പാതയിൽ കഴിഞ്ഞ ദിവസം 800 വാഹനങ്ങൾ പരിശോധിച്ചു. ഇൻഷുറൻസില്ലാത്ത 40 പേർക്ക് സ്പോട്ട് ഇൻഷുറൻസ് നൽകി. ലൈസൻസ് ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വാഹനങ്ങൾ വിട്ടുനൽകിയത്. ഹെൽമറ്റില്ലാതെ വന്നവരോട് അത് വാങ്ങി ഫോട്ടോ വാട്സ് ആപ്പിലിട്ട് നൽകാൻ ആവശ്യപ്പെട്ടതും വിജയകരമായി. ബോധവത്കരണവും പദ്ധതിയുടെ ഭാഗമായ വാഹന പരിശോധനകളും കാര്യക്ഷമാക്കുന്നതിനോടനുബന്ധിച്ച് എക്സൈസ്,​ ഫയർഫോഴ്സ് സംഘങ്ങളെയും പരിശോധന സംഘത്തിൽ ഉൾപ്പെടുത്തും. ട്രാക്ക്, ​റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ സഹായവും തേടും. കരിമണ്ണൂരിലേക്ക് കൂടി പദ്ധതി നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.