ചെറുതോണി : പ്രളയദുരിതബാധിതരായ ജനങ്ങൾക്കുള്ള പദ്ധതികളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ അഡ്വ.കെ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ജനാധിപത്യ കേരളാ കോൺഗ്രസ് ഇടുക്കി പാർലമെന്റ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീടുകളുടെ നിർമ്മാണം, നഷ്ടപരിഹാര തുക വിതരണം, റോഡുകളുടെ പുനരുദ്ധാരണം, കാർഷിക വികസന പദ്ധതികൾ തുടങ്ങി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ചെറുതോണി സ്റ്റോണേജ് ഹാളിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ മുൻ എം.എൽ.എ പി.സി. ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി. പോളി, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജോസ് വള്ളമറ്റം, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈസൺ പി. മങ്കുഴ, സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ജോർജ് അഗസ്റ്റിൻ, ബേബി പതിപ്പള്ളി, ജോസ് പൊട്ടംപ്ലാക്കൽ, കർഷകയൂണിയൻ കെ.റ്റി.യു.സി വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ വർഗീസ് വെട്ടിയാങ്കൽ, കൊച്ചറ മോഹനൻ നായർ, ജാൻസി ബേബി തുടങ്ങിയവർ പ്രസംഗിച്ചു.