അടിമാലി: കോടതി വളപ്പിൽ ഗേറ്റ് സ്ഥാപിക്കുന്നതിനെചൊല്ലി പൊലീസും അഭിഭാഷകരും തമ്മിൽ വാക്കേറ്റം. അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം ഗേറ്റ് സ്ഥാപിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതാണ് ഇരുകൂട്ടരെയും കൈയ്യാങ്കളിയുടെ വക്കിലെത്തിച്ചത്. ഏതാനും നാളുകളായി ഗേറ്റുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ രാവിലെ 10ന് ഗേറ്റ് സ്ഥാപിക്കാൻ തൊഴിലാളികൾ എത്തിയപ്പോൾ അടിമാലി എസ്.ഐ എസ്. ശിവാലാൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെത്തി തടയുകയായിരുന്നു. തങ്ങളുടെ അധീനതയിലുള്ള ഭൂമിയിലാണ് ഗേറ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ വാദം. സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലേക്കുള്ള വഴി അടയുമെന്നും വെള്ളമെടുക്കുന്ന കിണർ ഉൾപ്പെടെ ഗേറ്റിനുള്ളിലാകുമെന്നും പൊലീസുകാർ പറയുന്നു. 1958 മുതൽ പൊലീസ് വകുപ്പിന് അവകാശപ്പെട്ട ഭൂമിയിലാണിതെന്ന് അടിമാലി സി.ഐ പി.കെ. സാബു പറഞ്ഞു. അതേ സമയം ഗേറ്റ് സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് അഭിഭാഷകരുടെ നിലപാട്. ഹൈക്കോടതി ഉത്തരവ് കൈമാറിയതനുസരിച്ച് ജില്ലാ ജഡ്ജി മജിസ്‌ട്രേറ്റിന് നൽകിയ നിർദ്ദേശാനുസരണമാണ് ഗേറ്റ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയതെന്നും അടിമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് റെജി മാത്യു പറഞ്ഞു. മുമ്പും കോടതി വളപ്പിൽ ഗേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും അഭിഭാഷകരും നേർക്ക് നേർ വന്നിരുന്നു. നിർമ്മാണ ജോലികൾക്കായി കൊണ്ടിറക്കിയ ഇരുമ്പ് കമ്പി അടിമാലി സി.ഐ കൈവശപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകർ കോടതിയിൽ പരാതി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് കള്ളക്കേസാണെന്നും ഭൂമി തർക്കവുമായി ബന്ധപ്പെട്ട് കാലങ്ങളായി പൊലീസ് ഉദ്യോഗസ്ഥരെ അഭിഭാഷകർ കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് പൊലീസുദ്യോഗസ്ഥരുടെ ആരോപണം.