അടിമാലി: ഹൈഡൽ ടൂറിസം വകുപ്പ് കല്ലാറുകുട്ടിയിൽ ആരംഭിക്കുമെന്നറിയിച്ചിരുന്ന ബോട്ട് സർവീസ് തുടങ്ങാതായതോടെ ദുരിതത്തിലായത് സമീപവാസികളായ മൂന്ന് കുടുംബങ്ങളാണ്. ഒരു വർഷം മുമ്പായിരുന്നു കല്ലാറുകുട്ടി അണക്കെട്ടിൽ ബോട്ട് സർവ്വീസാരംഭിക്കാൻ ഹൈഡൽ ടൂറിസം വകുപ്പ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അണക്കെട്ടിനോട് ചേർന്ന് ബോട്ട് ജെട്ടി, ടിക്കറ്റ് കൗണ്ടർ, വാഹന പാർക്കിംഗ് തുടങ്ങിയവക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തെ മൂന്ന് കുടുംബങ്ങളുടെ ഒരേക്കറോളം വരുന്ന ഭൂമി 10 വർഷത്തെ കരാറടിസ്ഥാനത്തിൽ വകുപ്പ് താൽക്കാലികമായി ഏറ്റെടുത്തു. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് ശതമാനം കുടുംബങ്ങൾക്ക് പ്രതിഫലമായി നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഭൂമി വിട്ടുനൽകുകയും പദ്ധതി നടപ്പിലാകാതിരിക്കുകയും ചെയ്തതോടെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലായി. ഭൂമി നൽകിയവരിലൊരാളായ തങ്കച്ചന് പുരയിടത്തിലെ റബ്ബർ ടാപ്പിംഗായിരുന്നു പ്രധാന വരുമാനം. പദ്ധതിക്കായി, ഉണ്ടായിരുന്ന മിഷ്യൻപുര പൊളിച്ചു കളഞ്ഞു. ചാണകത്തിന്റെ മണം സഞ്ചാരികൾക്ക് ബുദ്ധിമുട്ടായാലോയെന്ന് കരുതി രണ്ട് പശുക്കളെയും കോഴികളെയും വിറ്റു. പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം തുടർ ജീവിതത്തിന് സഹായമാകുമല്ലോ എന്നായിരുന്നു കുടുംബങ്ങളുടെ പ്രതീക്ഷ. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും സർവീസ് ആരംഭിക്കാതെ വന്നതോടെ ഇവരുടെ ദൈന്യംദിന ജീവിതം താറുമാറായി. പദ്ധതിക്ക് വേണ്ട നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ ഉടൻ തന്നെ ബോട്ട് സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ.