രാജാക്കാട്: വിളവെടുപ്പ് സീസണിൽ കറുത്ത പൊന്നിനുണ്ടായ വിലയിടിവിൽ ആശങ്കയിലായി കുരുമുളക് കർഷകർ. കിലോയ്ക്ക് 380 രൂപയാണ് നിലവിലെ വില. രണ്ടാഴ്ച കൂടി പിന്നിട്ടാൽ വ്യാപകമായി വിളവെടുക്കുമ്പോൾ വില കൂടുതൽ ഇടിയുമെന്നാണ് ആശങ്ക. പ്രളയം മൂലം കുരുമുളക് ചെടികളിൽ നല്ലൊരു പങ്കും നശിച്ചിട്ടുണ്ട്. അവശേഷിയ്ക്കുന്നവയിലാകട്ടെ വിളവ് തീർത്തും കുറവുമാണ്. മുളക് വിറ്റ് കിടുന്ന പണമുപയോഗിച്ച് വീടുപണി മുതൽ പെൺമക്കളുടെ വിവാഹം വരെ നടത്താമെന്ന കർഷകരുടെ പ്രതീക്ഷയാണ് വിലയിടിവോടെ അസ്തമിക്കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും ഇതോടെ പ്രതിസന്ധിയിലാകും.

വിലയിടിവ് ഇങ്ങനെ

2017 ഏപ്രിൽ- 460 രൂപ

2018 ഏപ്രിൽ- 335 (27%ഇടിവ്)

ഇറക്കുമതിക്ക് കുറവില്ല
ഈ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് കുരുമുളക് വൻതോതിൽ ഇറക്കുമതി നടത്തി ദ്രോഹിക്കുകയാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. ദോഷകരമായി ബാധിയ്ക്കുന്ന ഇറക്കുമതി ഉത്തരവുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം

തറവില 700 രൂപ ആക്കണം

കിലോഗ്രാമിന് 700 രൂപ തറവില നിശ്ചയിച്ച് കുരുമുളക് സംഭരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

കള്ളക്കടത്തും വില്ലൻ

വിയറ്റ്നാം, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ എന്നീ രാജ്യങ്ങൾ വഴി കള്ളക്കടത്തായും വൻ തോതിൽ കുരുമുളക് എത്തിച്ചേരുന്നുണ്ട്. ആസിയാൻ വാണിജ്യ കരാർ പ്രകാരം വിയറ്റ്നാമിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുമ്പോൾ 52 ശതമാനം ഇറക്കുമതി ചുങ്കം നൽകണം. എന്നാൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്.ടി.എ) നിലനിൽക്കുന്ന ശ്രീലങ്കയിൽ നിന്ന് പ്രതിവർഷം 2,500 ടൺ കുരുമുളക് നികുതിയൊന്നും കൂടാതെ ഇറക്കുമതി ചെയ്യാനാകും. ഇതിനുമുകളിലുള്ള ഇറക്കുമതിയ്ക്ക് 'സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ' കരാർ പ്രകാരം എട്ട് ശതമാനം നൽകിയാൽ മതിയാകും. ഈ പഴുതുകൾ മുതലെടുത്ത് 6,000 ടണ്ണിലധികം കുരുമുളകാണ് ആഭ്യന്തര ഉപയോഗത്തിനും പുനർകയറ്റുമതിയ്ക്കുമായി കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. ഗുണനിലവാരം കുറഞ്ഞ ഈ മുളകിന് കിലോഗ്രാമിന് 200 രൂപ മാത്രമാണ് വില.