ksrtc-bus
ചെറുതോണിക്ക് സമീപം അപകടത്തിൽപ്പെട്ട ബസ്‌

ചെറുതോണി: പാതി ഒടിഞ്ഞ മരകൊമ്പിൽ ഇടിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗത്തെ ചില്ല് പൊട്ടി. ഇടുക്കി മെഡിക്കൽ കോളേജിന് സമീപത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. ബസ് പെട്ടെന്ന് നിറുത്തിയതിനാൽ വലിയ അപകടങ്ങളൊന്നും ഉണ്ടായില്ല. തൊടുപുഴയിൽ നിന്ന് ചെറുതോണിയിലേക്ക് വന്ന ബസ് മെഡിക്കൽ കോളേജ് കഴിഞ്ഞ് ഇറക്കമിറങ്ങി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടുക്കി ഫയർ ഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കി റോഡിൽ ചിതറി കിടന്ന ചില്ലുകൾ നീക്കി റോഡ് വൃത്തിയാക്കിയത്. ആഗസ്റ്റിൽ ശക്തമായ മഴയിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് റോഡിലേക്ക് നീണ്ട് നിൽക്കുകയായിരുന്നു. ഇത് അപകട കാരണമാകുമെന്ന് യാത്രക്കാർ അധികൃതരെ പല തവണ അറിയിച്ചതാണ്. എന്നാൽ വനം വകുപ്പ് ഇത് വെട്ടി മാറ്റാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ നിരവധി മരങ്ങൾ ഇനിയും വാഹനങ്ങൾക്ക് ഭീക്ഷണിയായി റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നുണ്ട്.