പീരുമേട്: ബുധനാഴ്ച രാത്രി എട്ടു മണിയോടെ കുന്നേൽവീട്ടിൽ ബാബുവും ഭാര്യയും രണ്ട് പേരക്കുട്ടികളും ഇരുനില വീടിന്റെ മുകൾ നിലയിലിരുന്ന് തോട്ടത്തിൽ നിന്ന് ലഭിച്ച ഗ്രാമ്പു ഒടിക്കുകയായിരുന്നു. തണുപ്പ് അസഹനീയമായതിനെ തുടർന്ന് താഴത്തെ മുറികളിലേക്ക് ഇറങ്ങിയതും ഭയങ്കര ശബ്ദത്തോടെ എന്തോ വീഴുന്ന പോലെ തോന്നി. പുറത്തിറങ്ങി നോക്കുമ്പോഴാണ് നേരത്തെ ഇരുന്ന ഭാഗത്ത് ഒരു ടെമ്പോ ട്രാവലർ മറിഞ്ഞു കിടക്കുന്ന കാഴ്ച കണ്ടത്. അപകടത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ടത് ഈ കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ജീവിതം തിരിച്ചു നൽകിയ ദൈവത്തിനു നന്ദി പറയുകയാണ് ഈ കുടുംബം. കൊട്ടാരക്കര- ദിണ്ഡുക്കൽ ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപത്ത് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ബ്രേക്ക് തകരാറിലായ ടെമ്പോ ട്രാവലർ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. വാഗമണ്ണിൽ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.