ഇടുക്കി: എല്ലാ റവന്യൂ ഓഫീസുകളെയും വീഡിയോകോൺഫറൻസ് വെബ് കാസ്റ്റ് സംവിധാനം വഴി ബന്ധിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയെന്ന ബഹുമതി ഇനി ഇടുക്കിക്ക് സ്വന്തം.ഭരണനടപടികൾ വേഗത്തിലാക്കാനും തീരുമാനങ്ങൾ എടുത്ത് അതിദ്രുതം നടപ്പാക്കാനും സഹായിക്കുന്നതാണ് പുതിയ സംവിധാനം. ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി.ജയിംസ് പുതിയ വെബ് കാസ്റ്റ് സംവിധാനം ഇന്നലെ ഉദ്ഘാടനം ചെയ്തു.

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകൾ വേഗത്തിലാക്കാനും അതിന്റെ ഫലം ജനങ്ങളിൽ പെട്ടെന്ന് എത്തിക്കാനും ഇത് ഉപകരിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. ജില്ലയിലെ ഓരോ സ്ഥലത്തും നടക്കുന്ന സംഭവങ്ങൾ സ്മാർട്ട്‌ഫോൺ വഴി ജില്ലാ ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ഭരണകൂടത്തിന് സാധിക്കും.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളും വീഡിയോ കോൺഫറൻസ് ആന്റ് വെബ്കാസ്റ്റ് സംവിധാനത്തിന് കീഴിൽ വരുന്നത്. നവംബറിൽ ജില്ലയിലെ മുഴുവൻ താലൂക്കും ഉടുമ്പൻചോല താലൂക്കിന് കീഴിലുള്ള മുഴുവൻ വില്ലേജും ഈ സംവിധാനത്തിൽ കൊണ്ടുവന്നിരുന്നു. അവശേഷിച്ച 66 വില്ലേജുകളെയും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നതോടെയാണ് സമ്പൂർണ നേട്ടത്തിന് ജില്ല അർഹമായത്. വെബ്കാസ്റ്റിംഗ് സംവിധാനം ഉപയോഗിച്ച് കലക്ടർ തഹസീൽദാരുമായി നടത്തുന്ന യോഗങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്പ്യൂട്ടർ വഴിയോ സ്മാർട്ട്‌ഫോൺ വഴിയോ വീക്ഷിക്കുവാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ എസ്. നിവേദ് അറിയിച്ചു. എൻ.ഐ.സിയുടെ സോഫ്റ്റ്‌വെയർ ആയ "vidhyo' ഉപയോഗിച്ച് തികച്ചും ഔദ്യോഗികമായിട്ടാണ് ഈ സംവിധാനത്തിന് രൂപകൽപ്പന നൽകിയത്. ഭാവിയിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും ഈ സംവിധാനം വഴി നൽകാനും സാധിക്കും.