വണ്ടിപ്പെരിയാർ: കാട്ടാനയുടെ കുത്തേറ്റു ശബരിമല തീർത്ഥാടകൻ മരിച്ച സാഹചര്യത്തിൽ സത്രം- പുല്ലുമേട് വഴിയുള്ള കാനനപാതയിൽ തീർത്ഥാടകർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി വനംവകുപ്പ്. നേരത്തെ ഏർപ്പെടുത്തിയ സുരക്ഷാ പരിശോധനകൾക്ക് പുറമെ സുരക്ഷ കർശനമാക്കിയിരിക്കുകയാണ് വനംവകുപ്പ്. രാവിലെ എട്ടിന് ശേഷം മാത്രമാണ് തീർത്ഥാടകരെ കടത്തിവിടുകയുള്ളൂ. ഉച്ചയ്ക്ക് ഒന്നിന് ശേഷം സത്രത്തിൽ നിന്ന് കടത്തിവിടില്ല. ഇതിനുപുറമെ സത്രം, സീതക്കുളം, സീറോപോയിന്റ്, ഉപ്പുപാറ, കഴുതക്കുഴി, സന്നിധാനം എന്നീ പോയിൻറ്റുകളിൽ പ്രത്യേക നിരീക്ഷണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ വനപാലകർ ഓരോ പോയിന്റുകളിലും പരിശോധന നടത്തിയ ശേഷം സത്രത്തിൽ വിവരം കൈമാറിയ ശേഷം മാത്രമാണ് എട്ടു മണി മുതൽ തീർത്ഥാടകരെ കടത്തി വിടുന്നത്. ഇതിനു പുറമെ റാപ്പിഡ് റെസ്‌പോൺസ് ടീം, സീറോ പോയിന്റിൽ എലഫെന്റ് സ്‌ക്വാഡ് പരിശോധനയും ശക്തമാക്കി. സത്രം മുതൽ സീറോ പോയിന്റ് വരെയും, സീറോ പോയിന്റ് മുതൽ കഴുതക്കുഴി വരെ രണ്ടായി തിരിച്ച് ഫോറസ്റ്റർ അടക്കം ഏഴു പേർ അടങ്ങുന്ന സംഘവും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതം വെസ്റ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഹാബി.സി.കെ.യുടെ മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വനപാലകർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു തീർത്ഥാടകർ പോകുന്ന സമയം വരെ പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുല്ലുമേട് കാനനപാതയിൽ കാട്ടാനകളെ കണ്ടെത്തിയിരുന്നു. കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരോട് ചെറു സംഘമായി പോവാൻ നിർദേശം നൽകുന്നുണ്ടെങ്കിലും ഇവർ കൂട്ടാക്കുന്നില്ലെന്നാണ് വനപാലകർ പറയുന്നത്. ഒറ്റയ്ക്ക് എത്തുന്ന തീർത്ഥാടകരെ സത്രത്തിൽ നിന്ന് കടത്തിവിടാതിരിക്കാനാണ് വനംവകുപ്പ് തീരുമാനം. അടിയന്തര സാഹചര്യത്തിലേക്ക് വനംവകുപ്പ് വാഹന സൗകര്യവും ക്രമീകരിച്ചിട്ടുണ്ടെന്ന് അഴുത റേഞ്ച് ഓഫീസർ പ്രിയ. ടി. ജോസഫ് പറഞ്ഞു.