തൊടുപുഴ: ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണം ആരംഭിച്ചതോടെ നഗരസഭയ്ക്ക് മതേതരത്വ മുഖം വന്നെന്ന ഇടത് കൗൺസിലർമാർ നടത്തിയ വാർത്താസമ്മേളനത്തിലെ പ്രസ്താവനയെ ചൊല്ലി കൗൺസിലിൽ ബഹളം. ഇടത് മുന്നണി അധികാരത്തിൽ വന്നതിനു ശേഷം നഗരസഭയിലുണ്ടായ നേട്ടങ്ങൾ വിശദീകരിക്കാൻ ചെയർപേഴ്‌സൺ നടത്തിയ വാർത്താ സമ്മേളനത്തിൽ കൗൺസിലർ ആർ. ഹരിയാണ് നഗരസഭയ്ക്ക് മതേതരത്വ മുഖം വന്നെന്ന് പറഞ്ഞത്. താത്കാലിക നേട്ടങ്ങൾക്ക് വേണ്ടി അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയെന്ന ആരോപണവുമായി കൗൺസിൽ യോഗത്തിൽ ആദ്യം രംഗത്ത് വന്നത് എ.എം. ഹാരിദാണ്. നഗരസഭ രൂപീകൃതമായ നാൾ മുതൽ മതേതര മുഖമാണ് കൗൺസിലിനുള്ളതെന്നും ഇത്തരത്തിലുള്ള പ്രസ്താവനകൾ ഉന്നയിച്ച നഗരസഭാ ചെയർപേഴ്‌സൺ പരാമർശം പിൻവലിക്കുകയോ തെറ്റു തിരുത്തുകയോ ചെയ്യണമെന്ന് ഹാരിദ് ആവശ്യപ്പെട്ടു. എന്നാൽ താൻ അത്തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ലെന്നും പ്രസ്താവനകളെ വളച്ചൊടിക്കാനാൻ ശ്രമിക്കരുതെന്നും ചെയർ പേഴ്‌സൺ മിനി മധു യോഗത്തിൽ പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ ശുചിത്വ അതിവേഗ മാലിന്യ സംസ്‌കരണത്തിന് കെട്ടിടം നിർമ്മിക്കാൻ കൃഷിഭവന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ ടി.കെ. സുധാകരൻ നായർ കയർത്തു സംസാരിച്ചു. ഇതു വീണ്ടും ബഹളത്തിന് വഴി വച്ചു. കൗൺസിൽ അംഗങ്ങൾ ഭൂരിപക്ഷം പേരും സുധാകരൻ നായരെ അനുകൂലിച്ചതോടെ കൃഷിഭവന് തുക അനുവദിക്കാൻ യോഗം തീരുമാനിച്ചു.
പ്ലക്കാർഡുമായി ബി.ജെപി കൗൺസിലർമാർ
മുനിസിപ്പൽ പാർക്കിലും തൊടുപുഴയാറ്റിലും വീണ മരം നീക്കം ചെയ്യാത്തതിലും ടൗണിലെ പ്രവർത്തന രഹിതമായ എൽ.ഇ.ഡി വിളക്കുകൾ പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് ബി.ജെ.പി കൗസിലർമാരുടെ നേതൃത്വത്തിൽ കൗൺസിൽ യോഗത്തിൽ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു നിൽപ്പ് സമരം നടത്തി. മരം വെട്ടി നീക്കാനായി കൗൺസിൽ യോഗത്തിൽ തന്നെ ആളെ ഏർപ്പാടാക്കുകയും എൽ.ഇ.ഡി ലൈറ്റുകളുടെ പ്രശ്‌നം ഉടൻ പരിഹരിക്കാമെന്നും ചെയർ പേഴ്‌സൺ ഉറപ്പു നൽകി. തുടർന്ന് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധ സമരം അവസാനിപ്പിച്ചു.