ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന കാന്റീനിലെ രണ്ട് തൊഴിലാളികൾക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീരീക്ഷണത്തിലും ചികിത്സയിലുമാണ്. കാന്റീനിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നൽകുന്നതിനുള്ള പരിശോധനയിലാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഒരേ കടയിലെ രണ്ടുപേർക്കും പിടിപെട്ടതിനാൽ കാന്റീനിൽ നിന്ന് തന്നെയാണ് രോഗം ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. രോഗം കണ്ടുപിടിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതർ സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണ്. രോഗം കണ്ടെത്തിയ വിവരം ജില്ലാ മെഡിക്കൽ ഓഫീസറെയും മറ്റ് മേലധികാരികളെയും അറിയിച്ചെങ്കിലും ഇതിനെക്കുറിച്ച് അന്വേഷണമോ പ്രതിരോധ നടപടികളോ സ്വീകരിച്ചിട്ടില്ല. രോഗം കണ്ടുപിടിച്ചിട്ടും പ്രതിരോധ നടപടികൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. പ്രാഥമിക പരിശോധനയിൽ രോഗം കണ്ടു പിടിച്ചെങ്കിലും സ്റ്റൂൾ കൾച്ചറൽ ഉൾപ്പെടെ വിദഗദ്ധ പരിശോധന നടത്തിയാലെ രോഗം സ്ഥിരീകരിക്കാൻ കഴിയൂവെന്നും അതിനാലാണ് സംഭവം രഹസ്യമാക്കി വച്ചതെന്നും അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജിലെ എച്ച്.എം.സി കൂടിയിട്ട് ആറുമാസത്തിലധികമായി. ഇതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.
വൃത്തിഹീനമായി മെഡിക്കൽ കോളേജ്
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മെഡിക്കൽ കോളേജും കാന്റീനും പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജിൽ നിന്നുള്ള മലിനജലം പുറത്തേയ്‌ക്കൊഴുക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് നേരത്തെ വാർത്ത വന്നിരുന്നു. മെഡിക്കൽ കോളേജിന് സമീപത്ത് പല സ്ഥലത്തും മലിനജലം കെട്ടിക്കിടക്കുകയും പരിസരത്തെ കാട് വെട്ടിത്തെളിക്കാത്തതിനാൽ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് കൊതുകിന്റെ ശല്യവും കൂടുതലാണ്.
പലർക്കും ഹെൽത്ത് കാർഡില്ല
വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും പഴകിയതുമായ ആഹാരം കഴിച്ചതിലൂടെയാണ് ജീവനക്കാർക്ക് ടൈഫോയ്ഡ് പിടിപെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. എന്നാൽ ഇത് നിർബന്ധമായി പാലിക്കാറില്ലെന്ന് ആരോപണമുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയും യാതൊരു പരിശോധനയും കൂടാതെ ജോലിക്ക് നിയമിക്കുകയാണ് പതിവ്.