തൊടുപുഴ : മണക്കാട് വാർഡിലെ കുടിവെള്ളം മാലിന്യമുക്തമെന്ന് പരിശോധനഫലം. ഹരിത വാർഡായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ 100 വീടുകളിലെ കിണർവെള്ള സാമ്പിൾ പരിശോധനയിലാണ് ശുഭസൂചകമായ ഫലം ലഭിച്ചത്. വെള്ളത്തിൽ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോർട്ട്. ഒരു കിണറിൽ പോലും ഇ കോളിയുടെ അംശം കണ്ടെത്താനായില്ല. എന്നാൽ ഏതാനും കിണറുകളിൽ അമോണിയയുടെ അളവ് അനുവദനീയമായതിനേക്കാൾ കൂടുതലുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. മാലിന്യങ്ങളോ ചെളിയടിഞ്ഞതോ ആവാം അമോണിയയുടെ അളവ് കൂടിയതിന് കാരണമെന്നാണ് കരുതുന്നത്.

തട്ടക്കുഴ വി എച് എസ് ലെ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചാണ് രണ്ട് റെസിഡന്റ്സ് അസോസിയേഷനുകളിലെ വീടുകളിലെ കിണർവെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയത്. പുഴയോരത്തിനു സമീപമുള്ളതും പ്രളയകാലത്ത് വെള്ളം കയറിയതുമായ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകളാണ് ശേഖരിച്ചത്. പിഎച്, ഇരുമ്പ്, നൈട്രേറ്റ്, അമോണിയ ഫ്ളൂറൈഡ്, ഇ കോളി എന്നിവയുടെ സാന്നിധ്യമാണ് പരിശോധിച്ചത്. മണക്കാട് വാർഡ് മെബർ ബി ബിനോയ്, എൻഎസ്എസ്. പ്രോഗ്രാംഓഫിസർ ബി സജീവ് എന്നിവർ ഈ ഉദ്യമത്തിന് നേതൃത്വം നൽകി.

ജലവിഭവ വകുപ്പിന് കീഴിലുള്ള സിസിഡിയിലൂടെ ലഭ്യമാക്കിയ 100 കിറ്റുകളുപയോഗിച്ച് തൊടുപുഴ ഗവ.ബോയ്സ് ഹൈസ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ ലാബിലാണ് പരിശോധന നടത്തിയത്. അടുത്ത ഡിസംബർ എട്ടിന് സമ്പൂർണ ഹരിതവാർഡ് പ്രഖ്യാപനം ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വാർഡ് മെബർ പറഞ്ഞു.