രാജാക്കാട്: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഉടുമ്പൻചോല എക്‌സൈസ് റേഞ്ചിൽ കുമളി ആറാം മൈൽ ഭാഗത്ത് രണ്ട് കിലോ 50 ഗ്രാം ഉണക്ക കഞ്ചാവുമായി കമ്പം സ്വദേശി പ്രഭുവിനെയാണ് (35)​ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നും 30,​000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് കാട്ടുവഴിയിലൂടെ കൊണ്ടുവന്ന് എറണാകുളം സ്വദേശിക്ക് കൈമാറാൻ ആറാം മൈൽ പള്ളിയ്ക്ക് സമീപം കാത്ത് നിന്നപ്പോഴാണ് പ്രതി പിടിയിലായത്. ചെക് പോസ്റ്റുകൾക്ക് സമാന്തരമായ കാട്ടുപാതയിലൂടെ കഞ്ചാവ് കടത്തുന്നുണ്ടെന്നുള്ള എക്‌സൈസ് കമ്മിഷണറുടെ ഇന്റലിജൻസ് റിപ്പോർട്ടിന്മേൽ ഇടുക്കി ഡെപ്യൂട്ടി കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതി മധുരയിലും കോയമ്പത്തൂരിലും കഞ്ചാവ് കേസുകളിൽ പ്രതിയാണ്. മുമ്പും ഇത്തരത്തിൽ കഞ്ചാവ് കടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം കമ്പംമെട്ട് ചെക് പോസ്റ്റിൽ കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഉടുമ്പൻചോല റേഞ്ച് ഇൻസ്‌പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ആഫീസർ പി.ഡി സേവ്യർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എൻ രാജൻ, എൻ.വി ശശീന്ദ്രൻ, കെ ആർ. ശശികുമാർ, ഷിയാദ്, ലിജോ ജോസഫ്, ജിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.