തൊടുപുഴ: നഗരസഭ ചെയർപേഴ്സൺ മിനി മധുവിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫ് തീരുമാനം. ഇന്ന് എറണാകുളം റീജണൽ നഗരസഭ ഡയറക്ടർക്ക് യു.ഡി.എഫിലെ 14 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് കൈമാറും. യു.ഡി.എഫിന് ഒരംഗത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയിൽ സി.പി.എം പ്രതിനിധിയായ മിനി മധു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ നാടകീയമായാണ് ചെയർപേഴ്സണായത്. കഴിഞ്ഞ ജൂൺ 18നായിരുന്നു ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. അവിശ്വാസം നൽകാനുള്ള ആറുമാസക്കാലയളവ് പിന്നിട്ടതിനാലാണ് ചെയർപേഴ്സനെതിരെ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത്. നീണ്ട 18 വർഷങ്ങൾക്ക് ശേഷമായിരുന്നു നഗരസഭ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്.
നഗരസഭയിൽ യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് 13ഉം ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണുള്ളത്. അർഹതപ്പെട്ട ചെയർപേഴ്സൺ പദവി നഷ്ടമായതിൽ കേരളകോൺഗ്രസിനുള്ള നീരസം പലപ്പോഴും യു.ഡി.എഫ് യോഗങ്ങളിൽ മറനീക്കി പുറത്തു വന്നിരുന്നു. അതിനാൽ അവിശ്വാസത്തിന് നോട്ടീസ് നൽകി ഏതു വിധേനയും ഭരണം പിടിച്ചെടുക്കാനുള്ള കരുനീക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം. പി.ജെ. ജോസഫ് എം.എൽ.എ, നേതാക്കളായ എസ്. അശോകൻ, റോയി. കെ. പൗലോസ്, ജാഫർഖാൻ മുഹമ്മദ്, കെ.ഐ. ആന്റണി, ജോസഫ് ജോൺ, ജോസി ജേക്കബ്, എം.എസ്. മുഹമ്മദ്, എ.എം. ഹാരിദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. പി.എ. ഷാഹുൽഹമീദ്, ടി.കെ. അനിൽകുമാർ എന്നിവർ ഒഴിച്ച് 12 കൗൺസിലർമാരും പങ്കെടുത്തു.