മറയൂർ: കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കൃഷിക്ക് കനത്ത നാശം വിതച്ച് അതിശൈത്യം തുടരുന്നു. കാബേജ്, കാരറ്റ്, വെളുത്തുള്ളി തുടങ്ങിയ കൃഷികളെയാണ് മഞ്ഞ് കാര്യമായി ബാധിച്ചിരിക്കുന്നത്. പെരുമല , പുത്തൂർ, ഗുഹനാഥപുരം, കൊളുത്താമല, ആടിവയൽ, കിഴാന്തൂർ എന്നിവിടങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിച്ചിരിക്കുന്നത്. വിളവെടുക്കാറായ കാബേജും കാരറ്റും നശിച്ചത് കർഷകർക്ക് വലിയ തിരിച്ചടിയായി. പ്രദേശത്ത് കഴിഞ്ഞ 10 ദിവസമായി കനത്തമഞ്ഞാണ്. ഇവിടുത്തെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് കൗതുകമാണെങ്കിലും മഞ്ഞുമറയുടെ പിന്നിലെ പച്ചക്കറി കർഷകരുടെ നൊമ്പരം ആരും കാണാതെ പോവുകയാണ്. അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയ്ക്ക് സമ്മാനിക്കുന്നത് തിരിച്ചടികൾ മാത്രമാണ്.