തൊടുപുഴ: കുരുന്നു പ്രതിഭകളെ സാഹിത്യലോകത്തേക്ക് ആനയിപ്പിച്ച് തൊടുപുഴ സെന്റ്. സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിന്റെ പുതിയ മാതൃക ശ്രദ്ധേയമായി. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും കൈയ്യെഴുത്തുമാസിക തയ്യാറാക്കാൻ പ്രാപ്തരാക്കിയെന്നതാണ് സ്കൂൾ കൈവരിച്ച നേട്ടം. അദ്ധ്യാപകർ നൽകിയ മാർഗനിർദ്ദേശം പാലിച്ച് സ്കൂളിലെ 750 വിദ്യാർത്ഥികളും സ്വന്തമായി കൈയ്യെഴുത്തു മാസിക തയ്യാറാക്കി മികവ് പുലർത്തുകയും ചെയ്തു.
കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുക, രചനാവൈഭവം വളർത്തുക , വിവിധ മേഖലകളിലെ പുത്തൻ അറിവുകൾ ആർജിക്കുക, ആത്മവിശ്വാസത്തോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ ലക്ഷ്യത്തോടെ 'സർഗോത്സവം 2019 ' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികളിലെ സാഹിത്യകാരെ പുറത്തിറക്കിയത്. എഴുതാനുള്ള 32 വിഷയങ്ങൾ സ്കൂൾ അധികൃതർ മുൻകൂട്ടി നിശ്ചയിച്ച് വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. 70 ദിവസം കൊണ്ടാണ് രചന പൂർത്തിയാക്കിയത്. എഴുത്തുകാർക്ക് ആവശ്യമുള്ള പേപ്പറുകൾ സ്‌കൂൾ ഹോണസ്റ്റി ഷോപ്പിൽ നിന്നും കുറഞ്ഞവിലയ്ക്ക് നൽകി. പൂർത്തിയാക്കിയ മാഗസിനുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മികവു പുലർത്തിയ 114 പേർക്ക് സമ്മാനവും നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സുമാ മോൾ സ്റ്റീഫൻ മാഗസിനുകളുടെ പ്രകാശനം നിർവ്വഹിച്ചു. അസി.മാനേജർ ഫാ.ഫ്രാൻസിസ് നന്ദളത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.എം സുബൈർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജെയ്സൺ ജോർജ്, അദ്ധ്യാപകരായ ഷിന്റോ ജോർജ്, അനീഷ് ജോർജ്, പി റ്റി എ പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ, എം.പി.റ്റി.എ പ്രസിഡന്റ് ജിസി സാജൻ എന്നിവർ പ്രസംഗിച്ചു. മിനിമോൾ ആർ, വി.ഐ. സുഹറ, മിനി ജേക്കബ്, വീണ അജയ് കുമാർ, അശ്വതി സിജു, ധന്യ രാജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.