kk
സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ ഉപ്പു വാരിയിട്ട നിലയിൽ

വണ്ടിപ്പെരിയാർ: സ്വകാര്യ ബസിന്റെ ഡീസൽ ടാങ്കിൽ സാമൂഹ്യ വിരുദ്ധർ ഉപ്പ് വാരിയിട്ടതായി പരാതി. വണ്ടിപ്പെരിയാർ - ചെങ്കര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ടാങ്കിലാണ് കഴിഞ്ഞ ദിവസം രാത്രി ഉപ്പിട്ട നിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ, ഡൈമുക്ക്, മൂങ്കലാർ, ചെങ്കര എന്നീ ഭാഗങ്ങളിലെ ജനങ്ങളുടെയും വിദ്യാർഥികളുടെയും ഏക ആശ്രയമാണ് ഈ സ്വകാര്യ ബസ്. റോഡ് തകർന്നു കിടക്കുന്നതിനാൽ ജീപ്പുകളോ മറ്റു വാഹനങ്ങളോ ഒന്നും തന്നെ സർവീസ് നടത്താറില്ല. കഴിഞ്ഞദിവസം ഡൈമുക്ക് അമ്പലപ്പടി ഭാഗത്തുവച്ച് ബസ് കേടായിരുന്നു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ രാത്രിയിൽ വഴിയിൽ നിർത്തിയിട്ട ശേഷം അടുത്ത ദിവസം രാവിലെ എത്തിയ ഡ്രൈവറാണ് സംഭവം ആദ്യം കാണുന്നത് പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാണ്. ആറു മാസം മുമ്പ് ഡൈമുക്ക് അമ്പലത്തിലും ഒരു കടയിലും തീവെച്ച സംഭവം ഉണ്ടായി.