ചെറുതോണി : ഇടുക്കി - തങ്കമണി- നാലുമുക്ക്‌ റോഡ് നിർമ്മാണത്തിനെതിരെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുമുള്ളതാണെന്ന്‌ കേരളാ കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ്‌ ടോമി എബ്രഹാം അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് നിർമ്മിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതും കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ ഈ റോഡ്‌ ദേശിയ പാതയാക്കി ഉയർത്തുന്നതിന് ശ്രമം നടത്തിയിരുന്നതുമാണ്. സി.ആർ.എഫ്ൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കുന്നത് നാടിന്റെ വികസനത്തിന് ഏറെ ഉപകാരപ്രദവും സന്തോഷകരമായ കാര്യമാണ്. പ്രളയക്കെടുതിക്കു മുമ്പ് എടുത്ത എസ്റ്റിമേറ്റ് ആയതിനാൽ പ്രളയത്തിൽ ഇടിഞ്ഞ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് ബലപ്പെടുത്തുന്നതിനും റോഡ് വീതി കൂട്ടുമ്പോൾ ബലക്ഷയം സംഭവിക്കുന്ന വീടുകളോടും സ്ഥാപനങ്ങളോടും ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നും മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അത് റോഡ് നിർമ്മാണത്തിന് തടസം ഉന്നയിക്കുന്നതായി വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത്‌ വേദനാജനകമാണ്. റോഡ് നിർമ്മാണത്തിന് താനും തന്റെ പാർട്ടിയും എല്ലാ സഹകരണങ്ങളും നൽകുമെന്നും ടോമി എബ്രഹാം പറഞ്ഞു.