kk
ഹോളിക്യൂൻസ് യു പി സ്‌കൂളിലെ നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടർ കെ ജീവൻബാബു ഐ എ എസ് ആദ്യ കറ്റകൊയ്ത് ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി : കുട്ടികർഷകരുടെ കൃത്രിമ പാടത്തെ നെൽകൃഷിയിൽ ഇത്തവണയും നൂറ് മേനി വിളവ്. രാജകുമാരി ഹോളി ക്യൂൻസ് യു പി സ്‌കൂളിലെ കുട്ടിപ്പാടത്ത് നെല്ല് കൊയ്യാൻ കളക്ടർ കെ. ജീവൻ ബാബുവും എത്തിയതോടെ വിളവെടുപ്പ് മഹോത്സവം കെങ്കേമമായി.

നെൽകൃഷി സംരക്ഷണത്തിന്റെ സന്ദേശം പകർന്ന് തുടർച്ചയായ അഞ്ചാം വർഷമാണ് കുട്ടികൾ കൃത്രിമ പാടത്ത് വിത്ത് വിതച്ചത്. പലവിധ കാരണങ്ങളാൽ പാടശേഖരങ്ങളും നെൽകൃഷിയും ഹൈറേഞ്ചിൽ നിന്നും പടിയിറങ്ങുമ്പോഴാണ് ഹോളി ക്യൂൻസ് യു പി സ്‌കൂളിൽ കൃത്രിമ നെൽപാടം നിർമ്മിച്ച് കാർഷികസംസ്കൃതിയുടെ മാതൃത പുനരാവിഷ്കരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിൽ നെൽകൃഷിയുടെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന് നൽകുന്നതിനൊപ്പം കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പാടമൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ജോലികളും കുട്ടികൾതന്നെയാണ് ചെയ്യുന്നത്. ഇരുപത്തിയഞ്ച് സെന്റോളം സ്ഥലത്ത് പ്ലാസ്റ്റിക് പടുതാവിരിച്ച് നെൽവയലിൽ നിന്നുള്ള ചെളികൊണ്ടുവന്ന് നിറച്ചാണ് കൃത്രിമപാടം തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായി ജലാംശം നിലനിർത്തുന്നതിന് മോട്ടോർ അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടർക്കൊപ്പം പരമ്പരാഗത വേഷമണിഞ്ഞെത്തിയ പെൺകുട്ടികളും ആൺകുട്ടികളും കൊയ്ത്തുപാട്ടിന്റെ ഈണത്തിൽ കറ്റകൾ കൊയ്തു. കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നെൽകൃഷിയ്‌ക്കൊപ്പം പച്ചക്കറികളും നട്ടു പരിപാലിയ്ക്കുന്നുണ്ട്. പച്ചക്കറിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിർവ്വഹിച്ചു. തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പകർന്ന് സ്‌കൂൾ അങ്കണത്തിൽ കളക്ടർ ഫലവൃക്ഷ തൈകളും നട്ടു. പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആറ്റുപുറം, കൃഷി ഓപീസർ എം.എസ്. ജോൺസൺ, പ്രധാനഅദ്ധ്യാപിക സിസ്റ്റർ ജെസി ജോസഫ്, മാനേജർ ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം, ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് തകടിയേൽ, ഫാ. മാത്യൂ തകരപ്പള്ളിൽ, പഞ്ചായത്തംഗങ്ങളായ പി.പി ജോയി, ടി.സി ബിനു, പി.റ്റി.എ പ്രസിഡന്റ് ബിജു പെരിയപള്ളിൽ, പ്രിൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.