ഇടുക്കി: സംസ്ഥാന സർക്കാർ കേരള പുനർനിർമ്മാണ പദ്ധതി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ യു.എൻ.ഡി.പി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ബോധവൽക്കരണ പരിപാടി ഇന്ന് രാവിലെ 10ന് ഇടുക്കി തഹസീൽദാർ ഫ്ളാഗ്ഓഫ് ചെയ്യും.
ഇതോടനുബന്ധിച്ച റോഡ് ഷോ മൂന്നാർ, അടിമാലി, ഇടുക്കി , ചെറുതോണി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിൽ 15 വരെ പര്യടനം നടത്തും. സുരക്ഷിത വീട് നിർമ്മാണത്തെ കുറിച്ച് വിദഗ്ധ ഉപദേശങ്ങളും ലഘുലേഖകളും റോഡ് ഷോയിൽ നൽകും.16,17 തീയതികളിൽ ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിക്കുന്ന എക്സിബിഷൻ സുരക്ഷിതഭവന നിർമ്മാണത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് സമഗ്രമായ അവബോധം നൽകും. ഹാബിറ്റാറ്റ്, കുടുംബശ്രീ, എഫ്.ആർ.ബി.എൽ, തണൽ തുടങ്ങി ഈ മേഖലയിൽ മികവ് തെളിയിക്കപ്പെട്ടവരുടെ സ്റ്റാളുകൾ, പ്രദർശനങ്ങൾ, വിദഗ്ധ ഉപദേശങ്ങൾ തുടങ്ങിയവ എക്സിബിഷനിൽ ഉണ്ടാകും.
16 ന് രാവിലെ 10.30ന് ജില്ലയിലെ സുരക്ഷിതഭവന പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന നിർമ്മാണത്തൊഴിലാളികൾക്കായി പ്രത്യേക പരിശീലനം നൽകും. സുരക്ഷിത ഭവനത്തിന്റെ പ്രാധാന്യം, ദുരന്ത സാധ്യത മേഖലയിലെ പ്രത്യേക ഭവന നിർമ്മാണ സാങ്കേതികത്വം തുടങ്ങിയ വിഷയങ്ങളിലാകും പരിശീലനം. കൂടാതെ യു.എൻ.ഡി.പി ജില്ലയിൽ മൂന്നാർ, അടിമാലി, ചെറുതോണി, കട്ടപ്പന എന്നീ മേഖലകളിൽ ഷെൽട്ടർ ഹബ്ബുകളും തുറന്നിട്ടുണ്ട്. നിർമ്മാണ സാമഗ്രികളുടെ പ്രദർശനം, വിവിധ നിർമ്മാണ രീതി, വിവിധ നിർമ്മാണ സാമഗ്രികളുടെ വിലനിലവാരം, സാങ്കേതിക വിദ്യ, ഭവനങ്ങളുടെ ഡിസൈൻ, വിദഗ്ധ ഉപദേശം, ഫീൽഡ് തലത്തിലുള്ള സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്നത്. വിദ്ഗധ ഉപദേശങ്ങൾക്കും സൗജന്യ സേവനങ്ങൾക്കും മൂന്നാർ 9809177153, അടിമാലി 8547924029, ചെറുതോണി 9447827070, കട്ടപ്പന 9539838368 ൽ ബന്ധപ്പെടാം.