ചെറുതോണി: റബറിന്റെ ഇല കൊഴിച്ചിൽ തടയാൻ ഗന്ധകം ഉപയോഗിക്കരുതെന്ന തൊടുപുഴ ലോക് അദാലത്തിന്റെ വിധി കഞ്ഞിക്കുഴി പഞ്ചായത്ത് 16 വാർഡിൽപ്പെട്ട തെക്കൻതോണിയിലെ കർഷകരെ ദുരിതത്തിലാക്കി. നാലുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട തെക്കൻതോണിയിൽ 70 കുടുബങ്ങളാണ് താമസിക്കുന്നത്. അതിൽ 75 ശതമാനവും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരാണ്. പ്രദേശത്തെ 95 ശതമാനം ആളുകളും റബർ കർഷകരാണ്. എന്നാൽ റബർ കൃഷി ഇല്ലാത്ത സ്വകാര്യവ്യക്തി ലോക് അദാലത്തിൽ പരാതി നൽകിയതിനെ തുടർന്നാണ് ഗന്ധകത്തിന്റെ ഉപയോഗം നിരോധിച്ചത്. അതേസമയം കഞ്ഞിക്കുഴി പഞ്ചായത്തിലെ മറ്റ് എല്ലാവർഡുകളിലും ഗന്ധകവും കീടനാശിനികളും വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. തെക്കൻതോണിയിൽ മാത്രം നിരോധനം നടപ്പിലാക്കിക്കൊണ്ട് പഞ്ചായത്ത് ബോഡും സ്ഥാപിച്ചു. റബർ കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്ത പഞ്ചായത്ത് മെമ്പർക്ക് കർഷകരോടുള്ള വ്യക്തിവിരോധമാണ് ഇത്തരമൊരു കോടതിവിധിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു പഞ്ചായത്തിൽ തന്നെ വ്യത്യസ്തനീതി നടപ്പിലാക്കുന്ന ഇരട്ടത്തപ്പിനെതിരെ പഞ്ചായത്ത് പടിക്കൽ സമരത്തിന് ഒരുങ്ങുകയാണ് തെക്കൻതോണിയിലെ കർഷകർ.