ഇടുക്കി: വനം- വന്യജീവി സംരക്ഷണ നയിമങ്ങൾ കാറ്റിൽപ്പറത്തി പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വൻതോതിൽ മണ്ണ് ഖനനം. യന്ത്ര സംവിധാനങ്ങളുപയോഗിച്ച് മണ്ണെടുത്ത് ടിപ്പർ ലോറികളിൽ കയറ്റി നാല് കിലോമീറ്റർ അകലെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിക്ഷേപിക്കുകയാണ്.
കടുവ സങ്കേതത്തിനുള്ളിൽ യന്ത്രങ്ങൾ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന നിയമം മറികടന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നൂറ് കണക്കിന് ലോഡ് മണ്ണാണ് നീക്കം ചെയ്തത്. കുമളി ടൗണിനു സമീപം വനംവകുപ്പിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിന്റെ ആവശ്യത്തിലേക്കാണ് മണ്ണെുകൊണ്ടുപോകുന്നത്.
കടുവസങ്കേതത്തിൽ നിന്ന് ഒരു വിറക് കമ്പുപോലും പുറത്ത് കടത്താൻ പാടില്ലെന്നിരിക്കെയാണ് യന്ത്രസഹായത്താൽ ഭൂമി കുഴിച്ച് ലോഡുകണക്കിന് മണ്ണ് എടുക്കുന്നത്. പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിക്കുന്നതിന് പുറത്തുനിന്ന് മണ്ണ് എത്തിക്കാൻ വനംവകുപ്പിന്റെ വാർഷിക ബഡ്ജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്നാണ് വിവരം.
വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാകുമെന്ന കാരണത്താൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് മണ്ണ് മാന്തിയന്ത്രവും ടിപ്പറുകളും യഥേഷ്ടം പ്രവർത്തിക്കുന്നത്. പകൽ സമയത്ത് പത്ത് ടിപ്പർ ലോറികളാണ് തലങ്ങും വിലങ്ങും ഇതുവഴി പായുന്നത്
അതേസമയം ബോട്ട്‌ലാന്റിംഗിൽ വിനോദസഞ്ചാരികൾക്കുവേണ്ടി നിർമ്മിക്കുന്ന കഫ്റ്റേരിയ തീയറ്ററർ എന്നിവയിലേക്കുള്ള വഴിക്കുവേണ്ടി നീക്കം ചെയ്യുന്ന മണ്ണാണ് ആനവച്ചാലിൽ കൊണ്ടുപോയി നിക്ഷേപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.