ചീനിക്കുഴി: എസ്.എൻ.ഡി.പി യോഗം കുളപ്പാറ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒലിവിരിപ്പ് ശ്രീനാരായണ ഗുരുധർമ്മ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നാളെ രാവിലെ 11 ന് നീലിയാനിക്കുന്നേൽ ചന്ദ്രമോഹനന്റെ വസതിയിൽ നടക്കും. പ്രസിഡന്റ് പി.പി ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം വാർഡ് മെമ്പർ ഷീല സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിനോദ് ഓലിയാനിക്കൽ സ്വാഗതം പറയും. കൺവീനർ സുധാ സിദ്ധാർത്ഥൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ഉടുമ്പന്നൂർ മുൻ ശാഖാ പ്രസിഡന്റ് കെ.ബി ഷിബു മുഖ്യ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് വിജയൻ മംഗലശ്ശേരി ആശംസയർപ്പിക്കും. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
ബാലഭാസ്കർ കലാസന്ധ്യ
തൊടുപുഴ: വടക്കുംമുറി തനിമ ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടേഷനും ഹിന്ദു എക്കണോമിക്സ് ഫോറം തൊടുപുഴ ചാപ്‌റ്ററും ചേർന്ന് ബാലഭാസ്കർ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ന് വൈകിട്ട് 7 ന് മൗര്യാ ഗാർഡനിൽ വച്ചാണ് കലാസന്ധ്യ നടക്കുന്നത്. ലിവർ ട്രാൻസ്‌പ്ളാന്റേഷൻ രോഗിയും, കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ആവശ്യമുള്ള രോഗിയും തലക്ക് ക്ഷതം സംഭവിച്ച എട്ട് രോഗികൾക്കും , കേൾവി ഇല്ലാത്ത ഒരു കുട്ടിക്ക് ശ്രവണ സഹായ ഉപകരണത്തിനും ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. 1500 രൂപാ സംഭാവന നൽകുന്നവർക്ക് എക്സിക്യുട്ടീവ് എൻട്രി പാസും 1000 രൂപാ സംഭാവന നൽകുന്നവർക്ക് ഗോൾഡൻ എൻട്രി പാസുമാണ് നൽകുന്നത്. പാസുകളുടെ ആദ്യ വിതരണ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. സി.കെ ജാഫർ നിർവഹിച്ചു. എക്സിക്യുട്ടിവ് പാസ് യഥാക്രമം ഐ.ഡി.സി.ബി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ അശോക് കുമാറിനും, ഗോൾഡൻ പാസ് ശാരദ മേനോനും ഏറ്റുവാങ്ങി. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ജയൻ പ്രഭാകർ, എച്ച്.ഇ.എഫ് ചാപ്റ്റർ പ്രസിഡന്റ് സജീവ് മൂപ്പിൽ, സി.ഇ.ഒ പോൾ ചേന്താടി തുടങ്ങി വ്യാപാരി സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.