kk
പരുന്തൻപാറ റോഡിന്റെ ഒരുവശത്തെ കുഴി

പീരുമേട്: റോഡ് പൊട്ടിപ്പൊളിഞ്ഞിതനാൽ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലേക്കുള്ള യാത്ര ദുഷ്‌ക്കരമായി. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന പരുന്തുംപാറയിൽ റോഡ് തകർന്നിട്ട് മാസങ്ങൾ പിന്നിടുമ്പോഴും പൊതുമരാമത്ത് വകുപ്പ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിന് ഇരുവശവും ഡ്രൈവർമാർക്ക് കാഴ്ച്ച മറയ്ക്കുന്നവിധം കാട്ടുചെടികൾ വളർന്നുനിൽക്കുകയാണ്. ടാറിംഗിന് ഇരുവശത്തും അപകടരമായ കുഴികളുമുണ്ട്. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കമ്പോൾ ഏതെങ്കിലുമൊന്ന് റോഡ് സൈഡിലെ കുഴികളിൽ അകപ്പെടുന്നതും പതിവാണ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ പ്രദേശവാസികൾ വളരെ കഷ്ടപ്പെട്ടാണ് കയറ്റിവിടുന്നത്. ഇതുകാരണം ഏറെ നേരം ഗതാഗത തടസത്തിനും കരണമാകാറുണ്ട്. മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിന് പരുന്തുംപാറയിൽ ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റോഡ് അറ്റകുറ്റപണി നടത്തുന്നതിനോ കാട് വെട്ടി തെളിക്കുന്നതിനോ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് ശക്തമായ അമർഷമുണ്ട്. കയറ്റിറക്കങ്ങളും ചെങ്കുത്തായ കൊക്കയുമുള്ല പ്രദേശത്തെ റോഡിന്റെ അറ്റകുറ്റപണികൾ വൈകുന്നത് ഗുരുതരമായ പ്റശ്നങ്ങൾക്ക് കാരണമാകും. അതേസമയം കല്ലാർ പരുന്തുംപാറ റോഡിന്റെ അറ്റകുറ്റപ്പണികൾ കരാറെടുക്കാൻ ആളില്ലാത്തതിനാലാണ് പ്രശ്നമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. മൂന്നു മാസം മുമ്പ് ടെണ്ടർക്ഷണിച്ചെങ്കിലും കരാർ എടുക്കാൻ ആരുംതയ്യാറായില്ല. പിന്നീട് റീടെണ്ടർ നടത്തി റോഡ് അറ്റകുറ്റപ്പണി, ഇരു വശങ്ങളിലെയും കുഴികൾ അടച്ച് കാട് വെട്ടി തെളിക്കുന്നതിനുമായി 40 ലക്ഷം രൂപയ്ക്ക് കരാർ നൽകിയിട്ടുണ്ട്.