തൊടുപുഴ: നറുക്കെടുപ്പിലൂടെ അധികാരത്തിലെത്തി ആറുമാസത്തെ ഭരണം പൂർത്തിയാക്കിയ നഗരസഭ ചെയർപേഴ്സൺ മിനി മധുവിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നഗരസഭ റീജണൽ ജോയിന്റെ ഡയറക്ടർ റാം മോഹൻ റോയിക്കാണ് വൈസ് ചെയർമാൻ സി.കെ.ജാഫറിന്റെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്. എ.എം.ഹാരിദ് അവതാരകനും സിസിലി ജോസ് അനുവാദകയുമാണ്. 15 ദിവസത്തിനുള്ളിൽ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയും വോട്ടെടുപ്പും ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിലാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനമെടുത്തത്. യോഗത്തിൽ പങ്കെടുക്കാതിരുന്ന രണ്ടു കൗസിലർമാർ ഉൾപ്പെടെ 14 അംഗങ്ങളും ഒപ്പിട്ട നോട്ടീസാണ് യു ഡി എഫ് നൽകിയത്. മുന്നണി ധാരണ പ്രകാരം ആദ്യം ചെയർപേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സഫിയ ജബ്ബാർ രാജി വച്ചതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ 18 ന് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത് . യു.ഡി.എഫ് ലെപ്രൊഫ.ജെസി ആന്റണിയും ഇടതുമുന്നണിയിലെ മിനി മധുവുമായിരുന്നു സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് സിപിഎം പ്രതിനിധിയായ മിനി മധു നറുക്കെടുപ്പിലൂടെ വിജയിയാവുകയായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇടതുമുന്നണിയ്ക്ക് നഗരസഭയുടെ അദ്ധ്യക്ഷ പദവി ലഭിച്ചത്. അതേസമയം വൈസ് ചെയർമാൻ എതിർചേരിക്കാരൻ ആയിരുന്നതും ഇടതുമുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നതും ഭരണപ്രതിസന്ധിക്ക് കാരണമായി. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ വോട്ട് അസാദുവായ അംഗം പിന്നീടും യു.ഡി.എഫ് പക്ഷത്ത് തുടർന്നതിനാൽ ബി.ജെ.പിയെ കൂടാതെ ഭരണകക്ഷിയേക്കാൾ അംഗബലത്തിൽ ഒരാൾ കൂടുതലുള്ളത് യു.ഡി.എഫ് നാണ്. 35 അംഗ കൗൺസിലിൽ യുഡിഎഫ് 14 , എൽഡിഎഫ് 13, ബിജെപി 8 എന്നാണ് കക്ഷിനില. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ കുറഞ്ഞത് 18 പേരുടെ പിന്തുണ വേണം. എൽ.ഡി.എഫ് നെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിൽ ബി.ജെ.പി യുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. ഫലത്തിൽ ഇടതു വലതു മുന്നണികൾ തമ്മിലുള്ള ചേരിപ്പോര് മുറുകുന്നതിനിടെ പന്ത് ബി.ജെ.പിയുടെ കോർട്ടിലെത്തിയിരിക്കുകയാണ്.