നേര്യമംഗലം : നേര്യമംഗലം - ആവോലിച്ചാൽ റോഡിലെ കാളപ്പാലം അപകട ഭീഷണി ഉയർത്തുന്നു. സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതയിൽ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന്റെ കൈവരികളും, തൂണുകളും ദ്രവിച്ച് ബലക്ഷയമായി.
പെരിയാറിനോട് ചേർന്നുള്ള കൈത്തോടിന് കുറുകെയുള്ള ഈ പാലം അപകട ഭീഷണിയിലാണെന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പലയിടത്തും കോൺക്രീറ്റ് ഭാഗങ്ങൾ തകർന്ന് കിടക്കുകയാണ്. അടിഭാഗത്ത് കോൺക്രീറ്റ് അടർന്നു പോയിട്ടുമുണ്ട്. തോടിന് മുകളിൽ കൂടി ഉണ്ടായിരുന്ന തടിപ്പാലം വർഷങ്ങൾക്ക് മുമ്പാണ് പുതുക്കി പണിതത്. തുടർന്ന് നാളിതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
നേര്യമംഗലം ജില്ലാ കൃഷി ത്തോട്ടത്തിന്റെ നടുവിലൂടെയാണ് നേര്യമംഗലം - ആവോലിച്ചാൽ റോഡ് കടന്നു പോകുന്നത്. ആവോലിച്ചാൽ, മണിമരുതും ചാൽ, ചാരുപാറ, പാലമറ്റം,പുന്നേക്കാട് തുടങ്ങിയ പ്രദേശങ്ങളിലെയും, നമ്പൂതിരിക്കൂപ്പ് , ഊന്നുകൽ മേഖലകളിലേയും ജനങ്ങൾക്ക് ഇതുവഴി എളുപ്പം നേര്യമംഗലത്തെത്താൻ കഴിയും. മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലേക്ക് ആവോലിച്ചാൽ വഴി നിരവധി ബസുകളും സർവീസ് നടത്തുന്നുണ്ട്. ആവോലിച്ചാൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് നമ്പൂതിരിക്കൂപ്പുവഴി ഊന്നുകല്ല് - കോതമംഗലം ഭാഗത്തേക്കും ബസ് സർവീസ് ഉണ്ട്. അപകട ഭീതിയിലായ പാലത്തിൽ കൂടിയാണ് ബസുകളെല്ലാം കടന്നുപോകുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പാലത്തിന് മുകളിൽകൂടി വെള്ളം കവിഞ്ഞൊഴുകിയിരുന്നു. പാലത്തിന്റെ സമീപത്തെ അപ്രോച്ച് റോഡും തകർന്ന നിലയിലാണ്. മെറ്റലുകളെല്ലാം ഇളകി വലിയ ഗട്ടറുകൾ രൂപപ്പെട്ടിരിക്കുകയാണ്.
കാളചാടിയതോട് കാളപ്പാലമായി .
ആവോലിച്ചാൽ ,മണിമരുതുംചാൽ ഭാഗത്തേക്ക് നേരത്തെ മൺപാതയായിരുന്നു ഓട്ടോറിക്ഷകളോ ബസ് സർവ്വീസുകളോ ഉണ്ടായിരുന്നില്ല .വല്ലപ്പോഴും കാളവണ്ടി ഇതുവഴി യെത്തിയിരുന്നു. തടിപ്പാലത്തിൽ നിന്നും കാള തോട്ടിലേക്ക് വീണു..ഇതോടെ പഴമക്കാർക്ക് ഇവിടം കാളപ്പാലമായി..പിന്നീട് പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത് വീതി കൂട്ടി ടാറിംഗ് നടത്തി.. . പാലം പുർ മിർമ്മിച്ചു. ജനവാസം വർദ്ധിച്ചതോടെ ബസ് സർവ്വീസുകളും ആരംഭിച്ചു.
വിനോദസഞ്ചാരികൾക്ക് എളുപ്പവഴി
ഭൂതത്താൻകെട്ടും, തട്ടേക്കാട് പക്ഷി സങ്കേതവും സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് വരുന്ന ടൂറിസ്റ്റുകൾക്ക് പുന്നേക്കാട് ആവോലിച്ചാൽ വഴി നേര്യമംഗലത്തെത്തി മൂന്നാറിലേക്ക് എളുപ്പം പോകാൻ കഴിയും. അവധി ദിവസങ്ങളിൽ നിരവധി ടൂറിസ്റ്റു ബസുകളും ഇതു വഴിവരുന്നുണ്ട്. കൊച്ചി ധഷ്കോടി ദേശീയ പാതയിൽ വെള്ളാമകുത്തിനും വില്ലാംചിറക്കുമിടയിൽ ഗതാഗതതടസമുണ്ടകുമ്പോൾ ഊന്നുകല്ലിൽ നിന്നും വാഹനങ്ങൾ നേര്യമംഗലത്തേക്ക് തിരിച്ചു വിടുന്ന വഴിയുമാണിത് .. ഭാരവാഹനങ്ങൾ ഉൾപ്പെടെ സഞ്ചകിക്കുന്ന പാതയിലെ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു..
. .