തൊടുപുഴ: കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയുടെ ശതാബ്ദി ആഘോഷസമാപനവും ഇടവക തിരുന്നാളും 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് വികാരി ഫാ.ജോർജ് പൊട്ടയ്ക്കൽ, ആഘോഷകമ്മറ്റി ഭാരവാഹികളായ സണ്ണി വട്ടയ്ക്കാട്ട്, കൈക്കാരന്മാരായ വിൻസെന്റ് മുതിരചിന്തിയിൽ, മാത്യു സ്റ്റീഫൻ വട്ടയ്ക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
35 കുട്ടികളുടെ ആദ്യകുർബാന ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന ഇടവകദിന സമ്മേളനം താമരശേരി ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. മാറിക ഫൊറോന വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. പ്രൊവിൻഷ്യൽസ് സി. ഗ്രെയിസ് കൊച്ചുപാലിയത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടാകും. നാളെ കൈക്കാരന്മാരുടെ സംഗമത്തിൽ മോൺ.ചെറിയാൻ കാഞ്ഞിരക്കൊമ്പിലും 15ന് ഇടവകയിലെ മുതിർന്ന മാതാപിതാക്കളുടെ സംഗമത്തിൽ മോൺ. ജോർജ് ഒലിയപ്പുറവും കുർബാന അർപ്പിക്കും. 16ന് ഇടവകയിലെ സമർപ്പിതരുടെ സമ്മേളനവും 17ന് വികാരിമാരുടെ നേതൃത്വത്തിൽ സമൂഹബലി അർപ്പണവും നടക്കും. 18ന് ബക്സർ രൂപത മെത്രാൻ സെബാസ്റ്റ്യൻ കല്ലുപുര പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും കൊടിയേറ്റും നിർവഹിക്കും. 19ന് ഉച്ചകഴിഞ്ഞ് 3.30ന് വാർഡുകളിൽ നിന്നുള്ള വീട്ടമ്പ് പ്രദക്ഷിണം ദേവാലയത്തിലേക്ക് എത്തും. തുടർന്ന് ബിഷപ്പ് ജേക്കബ് മുരിക്കൻ കുർബാന അർപ്പിക്കും. 20ന് വൈകിട്ട് 4ന് ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം ജോയിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്യും. മാർ ജോർജ് പുന്നക്കോട്ടിൽ അദ്ധ്യക്ഷത വഹിക്കും. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ തിരുനാൾ സന്ദേശം നൽകും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണവും മോൺ എബ്രഹാം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് മാത്യു ആന്റണി, എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖ പ്രസിഡന്റ് എ.ഇ. നാരായണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ജൂബിലി സ്നേഹവിരുന്നിന് ശേഷം ഇടവകയിലെ അമ്മമാരും കുട്ടികളുമടങ്ങുന്ന 100 പേരുടെ മാർഗംകളി, കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷൻസിന്റെ 'പറുദീസയിലെ നല്ലകള്ലൻ' എന്ന ബൈബിൾ നാടകം എന്നിവ അരങ്ങേറും.