കുമളി: ചുമട്ടു തൊഴിലാളികൾ ലോഡ് ഇറക്കാൻ എത്താത്തതിനെത്തുടർന്ന് സപ്ലൈകോ ചില്ലറവിൽപ്പനശാലയുടെ പ്രവർത്തനം തടസപ്പെട്ടു. കുളത്തുപാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൂളിലെ തൊഴിലാളികളാണ് കയറ്റിറക്കിന് ആവശ്യപ്പെട്ടാലും എത്താൻ വിസമ്മതിക്കുന്നത്. വൈകുന്നേരങ്ങളിൽ ഇവർ മദ്യലഹരിയിലാണെന്നും പറയപ്പെടുന്നു. സപ്ലൈകോ ചില്ലറ വിൽപ്പനശാലയിൽ ഉപഭോക്താക്കൾ സാധനം വാങ്ങാൻ കാത്തുനിൽക്കുമ്പോഴും അരിയടക്കമുള്ള പലചരക്കു സാധനങ്ങൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നു. ഏറെനേരം കാത്തിരുന്നിട്ടും ചുമട്ടുതൊഴിലാളികൾ എത്താതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താക്കളും ചേർന്ന് ലോഡ് ഇറക്കിയാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് മണിക്കൂറുകൾ ശേഷമാണ് തൊഴിലാളികൾ എത്തിയത്. മുമ്പ് മദ്യലഹരിയിലെത്തിയ ചുമട്ടുതൊഴിലാളികൾ സപ്ലൈകോയിലെ സ്ത്രി ജീവനക്കാരെ ആസഭ്യം പറഞ്ഞതായും ആക്ഷേപമുയർന്നിരുന്നു. ഇതിൽ പരാതിയുണ്ടായെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം കേസ് ഒതുക്കി തീർക്കുകയായിരുന്നു. കൃത്യസമയത്ത് തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്താൻ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഇടപെടണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.