ഇടുക്കി: എറണാകുളം മഹാരാജാസ് കാമ്പസിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൊട്ടക്കാമ്പൂരിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറും. 2018 ജൂലായ് 2 ന് പുലർച്ചെയാണ് മഹാരാജാസ് കോളേജ് രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ കാമ്പസ് ഫ്രണ്ട് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. വട്ടവടയിലെ ഒറ്റമുറി വീട്ടിൽനിന്നാണ് ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പടപൊരുതി വലിയ സ്വപ്നങ്ങളുമായി അഭിമന്യു മഹാരാജാസിൽ എത്തിച്ചേരുന്നത്. സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും സമൂലമായ മാറ്റം ആഗ്രഹിച്ച അഭിമന്യു വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രചാരകനും പ്രവർത്തകനുമായി മാറി. വട്ടവട എന്ന കാർഷിക ഗ്രാമത്തിന്റെ ദു:ഖവും ദുരിതവും നെഞ്ചിലേറ്റിയ വിദ്യാർത്ഥി നേതാവ് നാട്ടിലും കലാലയത്തിലും ഒരേപോലെ പ്രിയപ്പെട്ടവനായിരുന്നു. എസ്.എഫ്. ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് മഹാരാജാസ് കോളേജിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായത്. രാത്രിയിൽ എസ്.എഫ്.ഐ യ്ക്ക് വേണ്ടി ചുവരെഴുത്ത് നടത്തുന്നതിനിടയിലാണ് കാമ്പസ് ഫ്രണ്ടിന്റെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത്.
രക്തസാക്ഷി കുടുംബത്തെ നിലനിർത്തുന്നതിനും അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനും സഹോദരിയുടെ വിവാഹം നടത്തുന്നതിനും സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണം നടത്തി. കുടുംബത്തിന് വീട് വയ്ക്കുന്നതിനായി പത്തരസെന്റ് സ്ഥലം വിലയ്ക്കുവാങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയാണ് നാളെ ഭവനം കൈമാറുന്നത്. സഹോദരിയുടെ വിവാഹവും ഇതിനകം കഴിഞ്ഞിരുന്നു. രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ നിർലോഭമായി സംഭാവനകൾ നൽകിയ മുഴുവൻ ജനങ്ങളേയും ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നതായും സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.

അഭിമന്യു കുടുംബസഹായനിധി

ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തിൽ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപയും . സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും ചെലവായി. ബാക്കി 23,75,307 രൂപ മാതാപിതാക്കളുടെ ജീവിതത്തിന് സ്ഥിരനിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതായും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു.