തൊടുപുഴ: വർത്തമാനകാല രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചത്താലത്തിൽ എൽ.ഡി.എഫ് ജില്ല കമ്മറ്രി തൊടുപുഴയിൽ സംഘടിപ്പിക്കുന്ന മഹാറാലി നാളെ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാകൺവീനർ കെ.കെ.ശിവരാമൻ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തൊടുപുഴ മുനിസിപ്പൽ മൈതാനത്ത് ചേരുന്ന സമ്മേളനത്തിൽ ഇരുപത്തയ്യായിരം പേർ പങ്കെടുക്കും. വിശ്വാസം സംരക്ഷിക്കനെന്ന പേരിൽ ഇടതു സർക്കാരിനെ തകർക്കുകയും സർക്കാർ നിരീശ്വര വാദികളുടേതാണെന്നു വരുത്തി തീർക്കുകയും ചെയ്യുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീ പുരുഷ തുല്യത ഉറപ്പ് വരുത്താനുമുള്ള ഉത്തരവാദിത്വം കേരളത്തിലെ ജനങ്ങൾക്കുണ്ട്. പ്രളയാനന്തര പുനർനിർമ്മാണത്തിനുള്ള സർക്കാർ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള നീച ശ്രമത്തിലാണ് കോൺഗ്രസും സംഘപരിവാർ ശക്തികളും. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ നിലപാടുകൾ വിശദീകരിക്കാൻ തൊടുപുഴയിൽ 25000 പേർ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും നടത്തുന്നത്.

മുഖ്യമന്ത്രിക്ക് പുറമെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എം.എം.മണി, രാമചന്ദ്രൻ കടന്നപ്പള്ളി, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, ബെന്നി മുളഞ്ഞാനിയിൽ, പി.കെ.രാജൻ മാസ്റ്റർ,സണ്ണിതോമസ്, പ്രൊഫ.എ.പി.അബ്ദുൾ വഹാബ്, സ്‌കറിയ തോമസ്,അഡ്വ.പോൾ തോമസ് തുടങ്ങിയർ പ്രസംഗിക്കും.
സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗം വി. വി.മത്തായി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ജോർജ് അഗസ്റ്റിൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.