മറയൂർ: ദേശീയ തലത്തിൽ ട്രേഡ് യൂണിയൻ പണിമുടക്കിനെ തുടർന്ന് നാലുദിവസത്തേക്ക് മാറ്റിവച്ച ചന്ദനലേലം വീണ്ടും മാറ്റി.
9ന് നടക്കേണ്ടിയിരുന്ന ലേലം 14 ലേക്കാണ് ആദ്യം മാറ്റിയത്. എന്നാൽ ഇതു പിന്നീട് അടുത്ത മാസം 12 ലേക്ക് മാറ്റുകയായിരുന്നു. പരാമ്പാരഗത ലേല സമ്പ്രദായങ്ങളിൽ നിന്നും മാറി ഓൺ ലൈൻ ലേലമാക്കിയതിനെ തുടർന്ന് രണ്ട് ദിവസങ്ങളിലായി നാല് സെക്ഷനുകളായാണ് വിൽപ്പന നടന്നു വന്നിരുന്നത്. ഇതനുസരിച്ച് ഈ വർഷത്തെ ലേലം 9 ,10 തീയതികളിലാണ് നിശ്ചയിച്ചിരുന്നത്.
ദേശിയ പണിമുടക്ക് കാരണം ബാങ്കുവഴി പണമിടപാട് നടത്താൻ കഴിയാത്തതിനെ തുടർന്ന് പ്രമുഖ കമ്പനികളുടെ അഭ്യർത്ഥനമാനിച്ചാണ് 9ലെ ലേലം 14 ലേക്ക് മാറ്റിയത്. എന്നാൽ ടെണ്ടർ നടപടികളിലെ സാങ്കേതികത്വങ്ങൾ പൂർത്തിയാക്കി 14 ന് ലേലം നടത്താൻ കഴിയാത്തതിനെ തുടർന്നാണ് വീണ്ടും മാറ്റിയത്. ലേലത്തിന് 15 ദിവസം മുൻപെങ്കിലും ദേശീയ - പ്രാദേശിക മാധ്യമങ്ങളിൽ പരസ്യം നൽകണമെന്ന് വ്യവസ്ഥ നിലവിലുണ്ട്. ഇതും ലേലം മാറ്റിനിശ്ചയിക്കാൻ കാരണമായി. ഈ വർഷത്തെ ആദ്യ ലേലത്തിൽ 72 ടൺ ചന്ദനമാണ് വിൽപനക്ക് വച്ചിരുന്നത്. 10ന് നടന്ന ലേലത്തിൽ 28 കോടി രൂപയുടെ റെക്കോഡ് വിൽപനായാണ് നടന്നത്. 50 ടൺ ചന്ദനമാണ് ഫെബ്രുവരിയിലെ ലേലത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നത്.