ചെറുതോണി: മണ്ണുമാന്തി യന്ത്രങ്ങൾ അനധികൃതമായി പിടിച്ചെടുക്കുന്ന ഇടുക്കി ആർ.ഡി.ഒയുടെ നടപടികളിൽ പ്രതിഷേധിച്ച് ജില്ലയിലെ നിർമ്മാണ മേഖല സ്തംഭിപ്പിക്കാൻ കാരാരുകാരും യന്ത്രം ഓപ്പറേറ്റർമാരും തീരുമാനിച്ചു. ആർ.ഡി.ഒ ഏകപക്ഷീയമായി കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇടുക്കി ഏരിയായിലുള്ള ഗവ. കരാറുകാരും, ഹിറ്റാച്ചി , ജെ.സി.ബി, ടിപ്പർ ഉടമകളും ഡ്രൈവർമാരും അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുകായണ്. ഇതിന് മുന്നോടിയായി 18 ന് സൂചനാ പണിമുടക്ക് നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ജില്ലയിൽ നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും നശിക്കുകുകയും നിരവധി വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലാകുകയും ചെയ്തിരുന്നു. പ്രധാന റോഡുകളും പാലങ്ങളും നശിച്ചുകിടക്കുകയാണ്. ഇവയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ജെ.സി.ബിയും ഹിറ്റാച്ചിയും അനിവാര്യമാണ്. എന്നാൽ യന്ത്രം ഉപയോഗിച്ച് നിർമാണങ്ങൾ നടത്തുമ്പോൾ ആർ.ഡി.ഒ ബൈക്കിലും സ്വകാര്യ കാറിലും എത്തി യന്ത്രങ്ങളും ടിപ്പറും കസ്റ്റഡിയിലെടുക്കുകയും തെറ്റായ വിവരങ്ങൾ മഹസറിലെഴുതാൻ കീഴ് ജീവനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. ആർ.ഡി.ഒയുടെ ഓഫീസിൽ എത്തുന്ന റിപ്പോർട്ടുകളിൽ തെറ്റായ വിവരങ്ങളെഴുതിച്ചേർത്ത് വാഹന ഉടമകളെ അകാരണമായി ബുദ്ധിമുട്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പല വീടുകളും സന്നദ്ധ സംഘടനകൾ നിർമിച്ചുകൊടുക്കാൻ മുന്നോട്ടു വരുന്നുണ്ടെങ്കിലും മണ്ണ് നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ ജോലികൾ നടക്കുന്നില്ല. ആർ.ഡി.ഒയെ പേടിച്ച് വാഹന ഉടമകൾ നിർമാണ പ്രവർത്തനങ്ങളിൽ ഇപ്പോൾ സഹകരിക്കുന്നില്ല. ഇടുക്കിയിലെ ജനങ്ങളോട് വൈരാഗ്യബുദ്ധിയോടെയാണ് ആർ.ഡി.ഒ പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സർക്കാർ ഇടപെട്ട് ആർ.ഡി.ഒയെ നിലയ്ക്ക് നിറുത്തണം. പ്രശ്നത്തിന് തീരുമാനമാകാത്ത പക്ഷം അടുത്തമാസം ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. അതോടെ ഇടുക്കി മെഡിക്കൽ കോളേജ് , ചെറുതോണി ആലിൻചുവട് റോഡ്, ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൂർണമായും സ്തംഭിക്കുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ അബ്ദുൾ കരിം കൺവീനർ എൻ.സി ജോൺസൺ, സെക്രട്ടറി സിനോയി ജേക്കബ്, ജോയിന്റ് സെക്രട്ടറി ജോബി കണിയാംകുടിയിൽ എന്നിവരറിയിച്ചു.