പീരുമേട്: മകരജ്യോതി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട് എന്നിവിടങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.
ഇതര സംസ്ഥാന തീർത്ഥാടകർക്ക് പുറമെ ഭക്തജനങ്ങൾ, വിനോദസഞ്ചാരികൾ ,നാട്ടുകാരുൾപ്പെടെ എത്തുമെന്ന് കണക്കിലെടുത്തതാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. അസ്‌ക്കാലൈറ്റുകൾ , താത്ക്കാലിക ഷെഡുകൾ, ഉച്ചഭാഷിണി, ശുദ്ധജലവിതരണം, വഴിവിളക്കുകൾ, വാഹനപാർക്കിംഗ് സംവിധാനം എന്നിവയും ഏർപ്പെടുത്തും. പൊലീസിന് പുറമെ ആരോഗ്യവകുപ്പ്, ആംബുലൻസ് അഗ്നിശമനസേനാ വിഭാഗം, വനം, റവന്യൂ വകുപ്പുകളും വിവിധ കേന്ദ്രങ്ങളിൽ സുസജ്ജരാണ്. പുല്ലുമേട്, സത്രം, കോഴിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, എന്നിവടങ്ങളിൽ മെഡിക്കൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ പുല്ലുമേട്ടിൽ രണ്ട് മെഡിക്കൽ ടീമും ആബുലൻസ് സേവനവും സജ്ജികരിച്ചിട്ടുണ്ട്.
കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ആശുപത്രികൾ മുഴുവൻ സമയവും ഡോക്ടറുടെ സേവനവും മരുന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. മകരവിളക്ക് ദിവസം ഡോക്ടർ ഉൾപ്പെടെ 50 ആരോഗ്യ പ്രവർത്തകർ മുഴുവൻസമയം സേവനത്തിനുണ്ടാകും. ശബരിമല നോഡൽ ഓഫിസർ ഡോ: അനിൽ, ഡി.എം. ഓ. ഡോ. പ്രിയ, ഡോ: സുരേഷ് വർഗീസ് എന്നിവരാണ് ആരോഗ്യ പ്രവർത്തനത്തിന്റെ ചുമതല വഹിക്കുന്നത്. അഗ്നിരക്ഷാസേന പുല്ലുമേട് , വണ്ടിപ്പരിയാർ, സത്രം, പഞ്ചാലിമേട്, പരന്തുംപാറ, കുമളി എന്നിവിടങ്ങളിൽ സുരക്ഷ കാര്യങ്ങൾ ക്രമീകരിക്കുന്നതിനായി നിലയുറപ്പിക്കും. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുവാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളുമുണ്ട്. കാട്ടുതീ അണയ്ക്കാൻ പ്രത്യേകസംഘവുമുണ്ട്. ജില്ലാ ഓഫിസർ റെജി കുര്യക്കോസ്. പീരുമേട് സ്റ്റേഷൻ ഓഫിസർ കെ.എം ജോണച്ചൻ എന്നിവർക്കാണ് ചുമതല. മൊത്തത്തിലുള്ള സുരക്ഷ ചുമതലകൾക്ക് പൊലീസും വിപുലമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. 8 ഡിവൈ.എസ്.പി, 9 ഇൻസ്പക്ടർ,106 സബ്ബ് ഇൻസ്പക്ടർ, 458 സിവിൽ പൊലിസ് ഓഫിസർമാർ, 37 വനിത സി.പി.ഒ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ. അഡിക്ഷണൽ ജില്ലാ മേധാവി എം.ഇക്ബാൽ എന്നിവർ സുരക്ഷമേൽനോട്ടം വഹിക്കും.