അടിമാലി: ആയിരംഏക്കർ കൈവല്യാനന്ദപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ യജ്ഞാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസ് നയിക്കുന്ന ഭാഗവത സപ്താഹയജ്ഞം നാളെ തുടങ്ങി 20ന് സമാപിക്കും. ഇതിനുമുന്നോടിയായി ഇന്ന് വൈകിട്ട് 4ന് അടിമാലി ശാന്തിഗിരി ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് വൈകിട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന യജ്ഞശാലയിൽ ദീപപാരാധന, വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രകാശനം, ഭാഗവതസമർപ്പണം, യജ്ഞാചാര്യന്റെ പ്രഭാഷണം എന്നിവ നടക്കും. ക്ഷേത്രചടങ്ങുകൾക്ക് പെരിയമന പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. നാളെ രാവിലെ 5.30ന് ഗണപതിഹോമം, 6ന് ഭദ്രദീപ പ്രതിഷ്ഠ, ആചാര്യവരണം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം യജ്ഞം ആരംഭിക്കും. തുടർന്ന് എല്ലാദിവസങ്ങളിലും രാവിലെ മുതൽ ഗണപതിഹോമം, വിശേഷാൽപൂജകൾ, പാരായണം, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന, ഭാഗവത പ്രഭാഷണം, ഭജന, അത്താഴസദ്യ എന്നിവയുണ്ടാകും. 16ന് ഉണ്ണിയൂട്ട്, വിദ്യാഗോപാലമന്ത്രാർച്ചന, 17ന് ഗോവിന്ദ പട്ടാഭിഷേകം, വിദ്യാഗോപാലമന്ത്രാർച്ചന, 18ന് രുഗ്മിണിസ്വയംവര ഘോഷയാത്ര, സർവൈശ്വര്യപൂജ, 19ന് അവിൽപറ നിറയ്ക്കൽ, നവഗ്രഹപൂജ, 20ന് ഭാഗവത സമർപ്പണം, അവഭൃതസ്നാന ഘോഷയാത്ര എന്നീ ചടങ്ങുകളും നടക്കും. ഓരോ ദിവസത്തേയും കഥാശ്രവണം പ്രത്യേകഫലസിദ്ധിയുള്ളതാണെന്നും മുഴുവൻ ഭക്തരും ചടങ്ങിൽ സംബന്ധിക്കണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.