കുമളി: പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച് സർവീസ് നടത്തിയ വനംവുകുപ്പ് ബസുകൾക്ക് മോട്ടോർ വാഹനവകുപ്പ് അഞ്ച് ലക്ഷംരൂപ പിഴ ചുമത്തി.
തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളെ ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ബോട്ട് ലാന്റിംഗിങ്ങിൽ എത്തിക്കുന്നതിന് ഉപയോഗിക്കുന്ന മൂന്ന് ബസുകൾക്കാണ് പിഴ ഈടാക്കിയത്. സ്വകാര്യ ആവശ്യത്തിനെന്ന പേരിൽ രജിസ്റ്റർ ചെയുന്ന വാഹനങ്ങൾ പ്രതിഫലം വാങ്ങി പൊതുഗതാഗത്തിന് ഉപയോഗിച്ചെന്നാണ് കുറ്റം. തേക്കടി - കുമളി റൂട്ടിൽ 4 കിലോമീറ്ററിന് വിനോദസഞ്ചാരികളിൽ നിന്ന് 20 രൂപയാണ് വനംവകുപ്പ് ടിക്കറ്റ് ചാർജായി ഈടാക്കുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ സീറ്റ് ഒന്നിന് 65 രൂപയും വാണിജ്യാവശ്യത്തിനുള്ളതാണെങ്കിൽ 750 രൂപയുമാണ് നികുതി അടയ്ക്കേണ്ടത്. എന്നാൽ നാളുകളായി വനംവകുപ്പ് മോട്ടോർ വാഹനനിയമം ലംഘിച്ച് സർവീസ് നടത്തുകയും നികുതി വെട്ടിക്കുകയുമായിരുന്നു. സ്വകാര്യ വാഹനം പൊതുഗതാഗതത്തിന് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. ഇതും കടുത്ത നിയമലംഘനമാണ്.
വനംവകുപ്പിന്റെ എട്ട് ബസുകളാണ് ആനവച്ചാൽ- തേക്കടി റൂട്ടിൽ വിനോദ സഞ്ചാരികൾക്കുവേണ്ടി ഷട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ മൂന്ന് എണ്ണത്തിന് മാത്രമാണ് ഇപ്പോൾ പിഴ ഈടാക്കിയിട്ടുള്ളത്. ബാക്കി വാഹനങ്ങൾക്കും പിഴ ചുമത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു. പിഴ അടച്ച വാഹനങ്ങളുടെ പെർമിറ്റ് പൊതു ആവശ്യത്തിനുള്ളതിന്റെ പരിധിയിലേക്ക് മാറ്റി. ആ ഇനത്തിൽ 5 ലക്ഷത്തിന് പുറമെ കോമ്പൗണ്ടിംഗ് ഫീസായി 12500 രൂപയും ഈടാക്കി. സ്വന്തം വാഹനങ്ങളിലൊ ടൂറിസ്റ്റ് വാഹനങ്ങളിലൊ എത്തുന്ന വിനോദസഞ്ചാരികളെ കുമളി ആനവച്ചാലിൽ ഇറക്കിയ ശേഷം വനംവകുപ്പിന്റെ ബസിലാണ് തേക്കടിയിലേക്ക് കൊണ്ടുപോകുന്നത്. കടുവാസങ്കേതത്തിനുള്ളിൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ തുടക്കം മുതൽ നാട്ടുകാരിൽ നിന്ന് എതിർപ്പുകളും തലപൊക്കിയിരുന്നു. അനധികൃത സർവീസിന്റെ പേരിൽ പിഴ അടച്ചവിവരം വനംവകുപ്പ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വിവരാവകാശ പ്രവർത്തകനായ സജിമോൻ സലിം നൽകിയ അപേക്ഷയുടെ മറുപടിയിലാണ് രഹസ്യം പരസ്യമായത്.